സഞ്ജു എന്ത് ചെയ്തിട്ടും കാര്യമില്ല, പന്ത് മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പിലെ കീപ്പർ പന്ത് തന്നെ

അഭിറാം മനോഹർ
വ്യാഴം, 11 ഏപ്രില്‍ 2024 (15:55 IST)
ഐപിഎല്ലിന് ദിവസങ്ങൾക്ക് ശേഷം തന്നെ ടി20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ വർഷത്തെ ഐപിഎൽ ഇന്ത്യൻ താരങ്ങൾക്ക് ലോകകപ്പ് ടീമിലെത്താനുള്ള വാതിൽ കൂടിയാണ്. വിക്കറ്റ് കീപ്പർ ഓപ്ഷൻ ഇതുവരെയായി സ്ഥിരീകരിക്കാത്തതിനാൽ വിക്കറ്റ് കീപ്പർ സ്പോട്ടിനായാണ് പ്രധാനമായും മത്സരം നടക്കുന്നത്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ,ജിതേഷ് ശർമ, കെ എൽ രാഹുൽ,റിഷഭ് പന്ത് എന്നിവരാണ് നിലവിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി മത്സരിക്കുന്നത്.
 
 എന്നാൽ ഈ കൂട്ടത്തിൽ സഞ്ജു സാംസൺ, റിഷഭ് പന്ത് എന്നിവർക്ക് മാത്രമാണ് ഇതുവരെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിട്ടുള്ളു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി വഴങ്ങിയെങ്കിലും 38 പന്തിൽ 68 റൺസുമായി സഞ്ജു സാംസൺ തിളങ്ങിയിരുന്നു. അഞ്ച് ഇന്നിങ്ങ്സുകളിൽ നിന്നും 82 റൺസ് ശരാശരിയിൽ 246 റൺസാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നതെങ്കിലും വാഹനാപകടത്തിൽ പരിക്കേറ്റ് ടീമിലേക്ക് മടങ്ങിയെത്തിയ റിഷഭ് പന്ത് നടത്തുന്ന പ്രകടനങ്ങളാണ് സഞ്ജുവിന് വെല്ലുവിളി. അഞ്ച് മത്സരങ്ങളിൽ നിന്നും 2 അർധസെഞ്ചുറിയടക്കം 153 റൺസാണ് താരം നേടിയിട്ടുള്ളത്. ഇന്ത്യൻ ടീമിലെ സ്ഥിരം താരമായിരുന്നു എന്നതാണ് പന്തിന് അനുകൂലഘടകം. പല മുൻതാരങ്ങളും ലോകകപ്പിൽ പന്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നുവരാണ്. സഞ്ജു എത്രമാത്രം തിളങ്ങിയാലും ബാറ്ററായി റിഷഭ് പന്തും മികച്ച പ്രകടനം നടത്തുകയാണെങ്കിൽ ലോകകപ്പിലെ ആദ്യ വിക്കറ്റ് കീപ്പർ ഓപ്ഷൻ പന്താകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷികരും വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article