Rajasthan Royals: സഞ്ജുവാണോ പരാഗാണോ ക്യാപ്റ്റന്‍? എല്ലാവരും കൂടി ഷോ ഇറക്കിയപ്പോള്‍ കളി തോറ്റെന്ന് രാജസ്ഥാന്‍ ഫാന്‍സ് !

രേണുക വേണു

വ്യാഴം, 11 ഏപ്രില്‍ 2024 (10:42 IST)
Sanju Samson and Riyan Parag

Rajasthan Royals: ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു. 
 
രാജസ്ഥാന്‍ തോറ്റതിനുള്ള പ്രധാന കാരണം കുറഞ്ഞ ഓവര്‍ നിരക്കാണ്. അനുവദിച്ച സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് പിന്നിലായിരുന്നു രാജസ്ഥാന്‍ 19 ഓവര്‍ പൂര്‍ത്തിയാക്കിയത്. അതിനുള്ള പിഴയായി 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡറെ രാജസ്ഥാന് കുറയ്‌ക്കേണ്ടി വന്നു. അവസാന ഓവറില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് നാല് ഫീല്‍ഡര്‍മാരെ നിര്‍ത്താനേ രാജസ്ഥാന് സാധിച്ചുള്ളൂ. സ്ലോ ഓവര്‍ നിരക്ക് കാരണം 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ നിര്‍ത്താനുള്ള ഓപ്ഷന്‍ രാജസ്ഥാനു നഷ്ടമായി. ഇത് ബാറ്റര്‍മാര്‍ക്കു ഗുണം ചെയ്തു. അവസാന ഓവറില്‍ ഗുജറാത്ത് താരം റാഷിദ് ഖാന്‍ മൂന്ന് ഫോറുകളാണ് അടിച്ചത്. 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡര്‍ അധികമുണ്ടായിരുന്നെങ്കില്‍ ഇതില്‍ ഒരു ബൗണ്ടറിയെങ്കിലും സേവ് ചെയ്യാന്‍ സാധിക്കുമായിരുന്നു. 
 
കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറാണ് രാജസ്ഥാന് പണി കൊടുത്തത്. ഈ ഓവറില്‍ 20 റണ്‍സാണ് സെന്‍ വഴങ്ങിയത്. മാത്രമല്ല സാധാരണ ഒരു ഓവര്‍ പൂര്‍ത്തിയാക്കാനെടുക്കുന്ന സമയത്തേക്കാള്‍ അധികം എടുക്കുകയും ചെയ്തു. ഓരോ ബോളിനു ശേഷവും റിയാന്‍ പരാഗും ജോസ് ബട്‌ലറും കുല്‍ദീപ് സെന്നിനോട് സംസാരിക്കാന്‍ നിന്നതാണ് സമയത്തിന്റെ കാര്യത്തില്‍ പാളിച്ചയായത്. 19-ാം ഓവറിനിടെ റിയാന്‍ പരാഗ് പലതവണ ബൗളര്‍ക്കിടയില്‍ ഇടപെട്ടു. നായകന്‍ സഞ്ജു സാംസണ്‍ പോലും ബൗളറുടെ അടുത്തേക്ക് വന്ന് സമയം കളഞ്ഞിരുന്നില്ല. അപ്പോഴാണ് പരാഗും ബട്‌ലറും ചേര്‍ന്ന് സമയം കളഞ്ഞതും ബൗളര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം നല്‍കിയതും. 
 
കുല്‍ദീപ് സെന്നിന്റെ ഓവറിനിടെ പരാഗ് ഇടപെട്ടില്ലായിരുന്നെങ്കില്‍ രാജസ്ഥാന് സ്ലോ ഓവര്‍ നിരക്ക് പിഴ നേരിടേണ്ടി വരില്ലായിരുന്നു എന്നാണ് രാജസ്ഥാന്‍ ആരാധകര്‍ തന്നെ പറയുന്നത്. പരാഗാണോ സഞ്ജുവാണോ ക്യാപ്റ്റനെന്ന് തങ്ങള്‍ക്ക് സംശയം തോന്നിയെന്നും ആരാധകര്‍ പരിഹസിച്ചു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍