2024 ഐപിഎല്‍ സീസണിന് തുടക്കമായപ്പോള്‍ പല ടീമുകളുടെയും പഴയ പടക്കുതിരകളെല്ലാം കളിക്കളത്തില്‍ നിന്നും വിടവാങ്ങി കഴിഞ്ഞു. ചെന്നൈയുടെ ഡ്വെയ്ന്‍ ബ്രാവോ, മുംബൈയുടെ പൊള്ളാര്‍ഡ് എന്നിവരെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റ് അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും കൊല്‍ക്കത്ത ടീമിന്റെ മുഖമായി നില്‍ക്കുന്നത് വെസ്റ്റിന്‍ഡീസ് താരങ്ങളായ ആന്ദ്രേ റസ്സലും സുനില്‍ നരെയ്‌നുമാണ്. ഇടക്കാലത്ത് നിറം മങ്ങിയിരുന്നെങ്കിലും എന്തുകൊണ്ടാണ് കൊല്‍ക്കത്ത ടീം തങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നതെന്ന് ഇരുതാരങ്ങളും തെളിയിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ.
ഹൈദരാബാദിനെതിരെ നടന്ന ടി20 മത്സരത്തില്‍ മസില്‍ റസ്സന്‍ ആരാണെന്ന് ഇന്നലെ ആന്ദ്രേ റസ്സല്‍ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിനെ പോലെ കൃത്യതയ്ക്ക് പേരുകേട്ട ബൗളര്‍ക്ക് പോലും റസലിന്റെ മസ്സില്‍ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 25 പന്തില്‍ 7 സിക്‌സും 3 ഫോറുമടക്കം 64 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയുടെ വിജയത്തില്‍ ഈ പ്രകടനം ഏറെ നിര്‍ണായകമായത്.
അതേസമയം ഓപ്പണറായി ഇറങ്ങിയ സുനില്‍ നരെയ്‌ന് ബാറ്റ് കൊണ്ട് കാര്യമായി ഒന്നും തന്നെ സാധിച്ചില്ലെങ്കിലും വെറും 4 റണ്‍സിന് കൊല്‍ക്കത്ത വിജയിച്ച മത്സരത്തില്‍ സുനില്‍ നരെയ്‌നിന്റെ ബൗളിംഗ് സ്‌പെല്‍ ഏറെ നിര്‍ണായകമായി. 4 ഓവര്‍ പൂര്‍ത്തീകരിച്ച നരെയ്ന്‍ 19 റണ്‍സ് മാത്രമാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റും സ്വന്തമാക്കി. താന്‍ എറിഞ്ഞ നാലോവറില്‍ ഒരു ഫോര്‍ പോലും നരെയ്ന്‍ വിട്ടുകൊടുത്തില്ല. ഇത് മത്സരത്തില്‍ ഏറെ നിര്‍ണായകമായി മാറി. 4.75 ഇക്കോണമിയിലായിരുന്നു നരെയ്‌നിന്റെ പ്രകടനം.