വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയമായ പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നാലാം ടെസ്റ്റിന് പിന്നാലെ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനമില്ലെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച താരം ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ തലമുറമാറ്റത്തിലേക്ക് കടക്കുന്ന ടെസ്റ്റ് ടീമില്‍ രോഹിത്തിനെ ഇനി പരിഗണിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ അടുത്തതായി കളിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസില്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യന്‍ ടീം നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ബുമ്ര ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഭാഗമല്ല. അതേസമയം ഐപിഎല്ലില്‍ താരം മുംബൈ ഇന്ത്യന്‍സിനൊപ്പ ചേരുമെന്നാണ് വിവരം. തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നായകനായി ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പം ജോയിന്‍ ചെയ്യും. ബിസിസിഐയുമായുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.