ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനകള്‍ നല്‍കിയതിനാല്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. അതേസമയം ഇന്ത്യന്‍ മധ്യനിരയെ പറ്റി മാത്രമാണ് നിലവില്‍ വ്യക്തതക്കുറവുള്ളത്. ടീം തെരെഞ്ഞെടുപ്പില്‍ ചീഫ് സെലക്ടറും അജിത് അഗാര്‍ക്കറും പരിശീലകന്‍ ഗൗതം ഗംഭീറും 2 തട്ടിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇന്ത്യന്‍ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെ ഉള്‍പ്പെടുത്തിയതിലാണ് ഇരുവരും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ടീം തിരെഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെയാണ് നമ്പര്‍ 1 വിക്കറ്റ് കീപ്പര്‍ ബാറ്ററായി അഗാര്‍ക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിനെ കളിപ്പിച്ചിരുന്നില്ല. അതേസമയം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ കീപ്പര്‍ ഫസ്റ്റ് ചോയ്‌സെന്ന് ഗംഭീര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ശ്രേയസ് അയ്യരുടെ കാര്യത്തിലും ഈ അഭിപ്രായവ്യത്യാസങ്ങള്‍ അഗാര്‍ക്കറും ഗംഭീറും തമ്മില്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയ്‌സ്വാളിന് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ഉദ്ദേശിച്ചതെങ്കിലും ആദ്യ ഏകദിനത്തില്‍ വിരാട് കോലിയ്ക്ക് പരിക്കേറ്റതോടെ ശ്രേയസ് അയ്യര്‍ക്ക് അവസരം ഒരുങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ തിളങ്ങിയ അയ്യരാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടീമിന്റെ ഭാഗമായത്. മധ്യനിരയ്ക്ക് കൂടുതല്‍ സ്ഥിരത നല്‍കാനുള്ള ഗംഭീറിന്റെ തീരുമാനമാണ് ഇതിന് കാരണമെന്നതാണ് മുന്‍ സെലക്ടറായ ദേവങ്ങ് ഗാന്ധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.