സെയ്ഫിന് ചെലവായത് 1 ലക്ഷം, ഇൻഷുറൻസ് വക നടന് ലഭിച്ചത് 25 ലക്ഷം! സാധാരണക്കാർക്ക് കവറേജ് കളയാൻ അക്ഷരത്തെറ്റും, വിമർശനം
മുംബൈ: മോഷ്ടാവിൽനിന്നു കുത്തേറ്റു ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ഇൻഷുറൻസ് തുക സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം. ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽനിന്നു താരം ആവശ്യപ്പെട്ട തുകയും അനുവദിച്ച തുകയും വളരെ വലുതാണെന്നും സാധാരണക്കാർ ചോദിച്ചാൽ കൈമടക്കി കാണിക്കുകയാണ് ഇവരുടെ പണിയെന്നും വിമർശനം ഉയരുന്നു.
ബോളിവുഡ് താരങ്ങളടക്കമുള്ള പ്രമുഖരെയും സാധാരണക്കാരെയും രണ്ടു രൂപത്തിൽ പരിഗണിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ നടപടി വഞ്ചനയാണെന്നാണ് ഉയരുന്ന വിമർശനം. കുത്തേറ്റ് ചികിത്സയിൽ കഴിയവേ സെയ്ഫിന് ആകെ ചെലവായത് 1 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽനിന്നു ചികിത്സയ്ക്കായി 35.95 ലക്ഷം രൂപയാണു സെയ്ഫ് ആവശ്യപ്പെട്ടത്. ഇതിൽ 25 ലക്ഷം സെയ്ഫിന് അനുവദിച്ച് കിട്ടി.