Mitchell Starc: സ്റ്റാർക്ക് ഡെത്ത് ബൗളറല്ല, കൊൽക്കത്തയുടെ ഡെത്തെടുക്കാൻ വന്ന 25 കോടിയുടെ ചെണ്ട!

അഭിറാം മനോഹർ

ഞായര്‍, 24 മാര്‍ച്ച് 2024 (11:45 IST)
Mitchell starc,IPL 2024,KKR
ഓസീസ് പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിനായി 24.75 കോടി മുടക്കാനുള്ള കൊല്‍ക്കത്തയുടെ തീരുമാനം ഐപിഎല്ലിന് മുന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു. തന്റെ മികച്ച കാലഘട്ടം അവസാനിച്ചുകഴിഞ്ഞ സ്റ്റാര്‍ക്കിനെ പോലൊരു ബൗളര്‍ക്കായി 25 കോടി വരെ കൊടുക്കാന്‍ തയ്യാറായതാണ് ആരാധകരെ അമ്പരപ്പിച്ചത്. അതിനാല്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊല്‍ക്കത്തയുടെ മത്സരത്തില്‍ എല്ലാ കണ്ണുകളും 25 കോടി രൂപ വിലയുള്ള താരത്തിന്റെ മുകളിലായിരുന്നു. എന്നാല്‍ ഹൈദരാബാദിനെതിരെ നാലോവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത് 53 റണ്‍സായിരുന്നു.
 
ഐപിഎല്ലില്‍ ഒരു ഡെത്ത് ബൗളറുടെ കുറവ് പരിഹരിക്കാനാണ് സ്റ്റാര്‍ക്കിനെ ടീമിലെടുത്തത് എന്നായിരുന്നു മത്സരത്തിന് മുന്‍പ് കൊല്‍ക്കത്തന്‍ ടീമിന്റെ പ്രതികരണം. എന്നാല്‍ കൊല്‍ക്കത്തയുടെ ഡെത്ത് സ്റ്റാര്‍ക്ക് കാരണമാകുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. തന്റെ അവ്‌സാന ഓവറില്‍ നാല് സിക്‌സടക്കം 26 റണ്‍സാണ് സ്റ്റാര്‍ക്ക് മത്സരത്തില്‍ വഴങ്ങിയത്. ഇതില്‍ മൂന്ന് സിക്‌സുകള്‍ പിറന്നത് ക്ലാസന്റെ ബാറ്റില്‍ നിന്നായിരുന്നു. തന്റെ ആദ്യ ഓവറില്‍ 12 റണ്‍സും രണ്ടാം ഓവറില്‍ 10 റണ്‍സും വഴങ്ങിയ താരം നിര്‍ണായകമായ പതിനാറാം ഓവറില്‍ 5 റണ്‍സ് മാത്രമാണ് വഴങ്ങിയിരുന്നത്. എന്നാല്‍ അവസാന രണ്ടോവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ 39 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ബൗളിങ്ങിനെത്തിയ താരം പത്തൊമ്പതാം ഓവറില്‍ വിട്ടുനല്‍കിയത് 26 റണ്‍സാണ്. 
 
ഇതോടെ അവസാന ഓവറില്‍ 13 റണ്‍സുണ്ടെങ്കില്‍ ഹൈദരാബാദിന് മത്സരം ജയിക്കാമെന്ന അവസ്ഥ വന്നു. ക്ലാസന്‍ ക്രീസില്‍ നില്‍ക്കെ ഹൈദരാബാദിന് സാധ്യമായ ലക്ഷ്യമായിരുന്നെങ്കിലും ഹര്‍ഷിത് റാണയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്.കൊല്‍ക്കത്തയെ തോല്‍വിയുടെ വക്കത്ത് എത്തിച്ച ശേഷമാണ് സ്റ്റാര്‍ക്ക് ബൗളിംഗ് അവസാനിപ്പിച്ചത്. ഇതോടെ വലിയ രീതിയിലുള്ള പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ സ്റ്റാര്‍ക്ക് ഏറ്റുവാങ്ങുന്നത്. ഐപിഎല്‍ കരിയറില്‍ ഇതാദ്യമായാണ് സ്റ്റാര്‍ക്ക് ഒരു മത്സരത്തില്‍ 50ലേറെ റണ്‍സ് വഴങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍