Chennai Super Kings: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ആദ്യ തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനാണ് ചെന്നൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഡല്‍ഹി ബൗളര്‍ ഖലീല്‍ അഹമ്മദാണ് കളിയിലെ താരം.
ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് ആയപ്പോഴേക്കും ഒാപ്പണര്‍മാര്‍ മടങ്ങി. പിന്നീട് അജിങ്ക്യ രഹാനെ (30 പന്തില്‍ 45), ഡാരില്‍ മിച്ചല്‍ (26 പന്തില്‍ 34) പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. കഴിഞ്ഞ രണ്ട് കളികളിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന ധോണി ഇത്തവണ ചെന്നൈയ്ക്കായി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി. 16 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 37 റണ്‍സ് നേടി. രവീന്ദ്ര ജഡേജ 17 പന്തില്‍ പുറത്താകാതെ 21 റണ്‍സ് നേടി.
നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഖലീല്‍ അഹമ്മദാണ് ചെന്നൈയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. മുകേഷ് കുമാര്‍ മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), നായകന്‍ റിഷഭ് പന്ത് (32 പന്തില്‍ 51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. പൃഥ്വി ഷാ 27 പന്തില്‍ 43 റണ്‍സ് നേടി.