അവസാനം ഡൽഹിയും കൈവിട്ടോ? എവിടെയാണ് പൃഥ്വി ഷാ?

അഭിറാം മനോഹർ

ഞായര്‍, 31 മാര്‍ച്ച് 2024 (18:45 IST)
ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറയുന്നതിന് വര്‍ഷങ്ങള്‍ക് മുന്‍പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ബിഗ് തിംഗ് എന്ന വിശേഷണം സ്വന്തമാക്കിയ ബാറ്ററാണ് പൃഥ്വി ഷാ. 2018 മുതല്‍ ഡെല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായ പൃഥ്വി ഷാ ദേശീയ ടീമില്‍ മോശം പ്രകടനം തുടര്‍ന്നപ്പോഴും ഡല്‍ഹി നിലനിര്‍ത്തിയ താരമായിരുന്നു. എന്നാല്‍ 2024 ഐപിഎല്‍ സീസണിലെ ആദ്യ 2 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഡല്‍ഹി ടീമില്‍ പ്ലെയിങ് ഇലവനില്‍ താരമുണ്ടായില്ല എന്ന് മാത്രമല്ല പകരക്കാരനായി പോലും ഗ്രൗണ്ടില്‍ താരത്തെ കാണാനായില്ല.
 
ഇതോടെ പൃഥ്വി ഷായെ ഒടുവില്‍ ഡല്‍ഹിയും കൈവിട്ടോ എന്ന ചര്‍ച്ചകള്‍ വ്യാപകമായിരിക്കുകയാണ്. ഏതൊരു യുവതാരവും സ്വപ്നം കാണുന്ന തരത്തിലായിരുന്നു ഇന്ത്യയ്ക്കായി ടെസ്റ്റില്‍ പൃഥ്വി ഷായുടെ അരങ്ങേറ്റം. ആദ്യ ടെസ്റ്റില്‍ തന്നെ അതിവേഗ ടെസ്റ്റ് സെഞ്ചുറിയോടെ മത്സരത്തിലെ താരമായാണ് പൃഥ്വിഷാ അരങ്ങേറ്റ ടെസ്റ്റിന് തുടക്കം കുറിച്ചത്. പിന്നീട് തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ നടത്തി ടീമിലെ സ്ഥാനം നഷ്ടമായപ്പോഴും ഡല്‍ഹിക്കായി ഐപിഎല്ലില്‍ പൃഥ്വി ഷാ തന്നെയായിരുന്നു ഓപ്പണര്‍. പരിക്കോ, ഫിറ്റ്‌നസ് പ്രശ്‌നങ്ങളോ താരത്തിനില്ലെന്ന വിവരങ്ങളാണ് ലഭിക്കുന്നത്.
 
2023 ഓഗസ്റ്റ് മുതല്‍ 2024 ഫെബ്രുവരി വരെ പരിക്ക് മൂലം കളിക്കളത്തിന് പുറത്തായിരുന്നെങ്കിലും ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി അവസാന അഞ്ച് കളികളും പൃഥ്വി ഷാ കളിച്ചിരുന്നു. ഇതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാവി പദ്ധതികളില്‍ പൃഥ്വി ഷാ ഭാഗമല്ലെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ ഓസീസ് താരങ്ങളായ മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറുമാണ് ഡല്‍ഹിക്കായി ഐപിഎല്ലില്‍ ഓപ്പണ്‍ ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍