കോഹ്‌ലി ഇല്ലെങ്കിലെന്താ, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയുണ്ടല്ലോ - ആരാധകര്‍ നിരാശരല്ല

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (17:33 IST)
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ജയത്തിന്റെ വക്കില്‍ നിന്നാ‍ണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍‌വി ഏറ്റുവാങ്ങിയത്. ഇത്തവണയെങ്കിലും കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയുമായി മുന്നൊരുക്കങ്ങള്‍ നടത്തിയ ബാംഗ്ലൂരിന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പരുക്കാണ് തിരിച്ചടിയായത്.

കോഹ്‌ലിയുടെ അഭാവത്തില്‍ സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്‌മാനെന്ന വിശേഷണമുള്ള ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാകും ബാംഗ്ലൂരിനെ നയിക്കുക എന്നതാണ് ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്.

കോഹ്‌ലിക്കൊപ്പം തന്നെ നില്‍ക്കാന്‍ പറ്റുന്ന ശക്തനായ ക്യാപ്‌റ്റനായിട്ടാണ് ഡിവില്ലിയേഴ്‌സിനെ ആരാധകര്‍ കാണുന്നത്. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡിവില്ലിയേഴ്‌സ് ഇത്തവണയും അതേ പ്രകടനം പുറത്തെടുക്കുമെന്നാണ് ടീം അധികൃതരും ഉറച്ചു വിശ്വസിക്കുന്നത്.

തോളിനേറ്റ പരുക്ക് ഗുരുതരമായതിനാല്‍ കോഹ്‌ലി ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് മുഖ്യപരിശീലകന്‍ ഡാനിയല്‍ വെട്ടോറിയാണ് വ്യക്തമാക്കിയത്.

കോഹ്‌ലിയെ തുടക്കത്തില്‍ നഷ്ടമാകുന്നത് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാണ്. ഓസ്‌ട്രേലിയക്കെതിരെ റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പരുക്കേറ്റത്. ഏപ്രില്‍ അഞ്ച് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
Next Article