മാലീദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയും അമേരിക്കയും. ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ വഴി ചർച്ച നടത്തി. മാലീദ്വീപിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയോടൊപ്പം, അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
പ്രദേശത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കേ ജനാധിപത്യ സംവിധാനങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും നിയമ സംവിധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു. ഈ വർഷം ആദ്യമായാണ് ഇരുവരും ടെലിഫോൺ വഴി ചർച്ച നടത്തുന്നത്.
മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണു മാലദ്വീപിലെ സ്ഥിതി വഷളാക്കിയത്. കൂറുമാറ്റത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ട 12 എംപിമാർക്ക് പാർലമെന്റ് അംഗത്വം തിരിച്ചുകൊടുക്കണമെന്നും സുപ്രിംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതാണ് പ്രതിസന്ധി കൂടുതൽ വഷളാക്കിയത്.
പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്ത പ്രസിഡന്റ് അബ്ദുല്ല യമീൻ, പ്രതിപക്ഷ നേതാവും മുൻപ്രസിഡന്റുമായ മൗമൂൻ അബ്ദുൽ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ തടങ്കലിലുള്ള ഒൻപതു പ്രമുഖ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന വിധി സുപ്രീം കോടതി പിൻവലിക്കുകയും ചെയ്തു.