നുഴഞ്ഞുകയറി റഷ്യന്‍ ‘ഫാന്‍‌സി ബിയര്‍’; ചോര്‍ന്നത് സൈനിക രഹസ്യങ്ങള്‍ - ഞെട്ടലോടെ അമേരിക്ക

വ്യാഴം, 8 ഫെബ്രുവരി 2018 (13:53 IST)
രഹസ്യങ്ങൾ ചോർത്തുന്നതില്‍ തങ്ങളേക്കാള്‍ കേമന്മാര്‍ ആരുമില്ലെന്ന് വീണ്ടും തെളിയിച്ച് റഷ്യ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണം നിലനില്‍ക്കെ യുഎസിന്റെ സൈനിക രഹസ്യങ്ങൾ ചോർത്തി റഷ്യൻ ഹാക്കർമാർ ലോകത്തെ ഞെട്ടിച്ചു.

‘ഫാൻസി ബിയർ’ എന്നറിയപ്പെടുന്ന ഹാക്കർ സംഘമാണു അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്യുന്നത്. അതീവ പ്രാധാന്യമുള്ള സൈനിക രഹസ്യങ്ങളും ഗവേഷണങ്ങളും നടത്തുന്ന 87 ശാസ്ത്രജ്ഞമാരുടെ പ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞു കയറിയാണ് ഹാക്കർമാർ അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയത്.

സൈന്യത്തിന്റെ ആളില്ലാ വിമാനങ്ങൾ (ഡ്രോണുകൾ)​,​ മിസൈലുകൾ, റോക്കറ്റുകൾ, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ് ഫോമുകൾ എന്നിങ്ങനെയുള്ള പ്രധാന മേഖലകളില്‍ നിന്നാണ് ഫാൻസി ബിയർ സംഘം രഹസ്യങ്ങള്‍ ചോര്‍ത്തിയത്. അതേസമയം, ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമായിട്ടില്ല.

യുഎസിന്റെ സൈബർ പ്രതിരോധത്തിന്റെ പിഴവാണ് റഷ്യന്‍ ഹാക്കര്‍മാര്‍ മുതലെടുത്തത്. പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിൽ അഗ്രഗണ്യരായ ശാസ്ത്രജ്ഞമാര്‍ ഇരയായത് ഇതിനുള്ള പ്രധാന തെളിവാണ്. ഹാക്കർമാർ നല്‍കിയ ലിങ്കുകളില്‍ തെറ്റിദ്ധരിക്കപ്പെട്ട് ക്ലിക്ക് ചെയ്‌തതോടെ പ്രതിരോധ രഹസ്യങ്ങളിലേക്ക് കടന്നു ചെല്ലാന്‍ അവര്‍ക്ക് സാധിച്ചു.
ഇതോടെ അവരുടെ കംപ്യൂട്ടറുകളും അക്കൗണ്ടുകളും ഡിജിറ്റൽ മോഷണത്തിനായി ഹാക്കർമാര്‍ ഉപയോഗിച്ചു.

പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ചെറിയ കമ്പനികളും ലോക്ക്ഹീഡ് മാർട്ടിൻ, റെയ്തിയോൺ, ബോയിംഗ്,​ എയർബസ് ഗ്രൂപ്പ്, ജനറൽ അറ്റോമിക്സ് തുടങ്ങിയ വലിയ കമ്പനികളും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഹാക്കര്‍മാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ കാര്യം ഫെ‍ഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) സമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍