നിങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയേക്കാള്‍ ആയിരം മടങ്ങ് ഭീകരമാണ് ഇവിടത്തെ അവസ്ഥ; കാട്ടുതീയില്‍ തന്റെ എല്ലാം നഷ്ടപ്പെട്ടതായി ഒളിംപിക് താരം
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയുടെ ഭീകരത വെളിപ്പെടുത്തി ഒളിംപിക് താരം ഗാരി ഹാള്‍ ജൂനിയര്‍. നിങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയേക്കാള്‍ ആയിരം മടങ്ങ് ഭീകരമാണ് ഇവിടത്തെ അവസ്ഥയെന്നും കാട്ടുതീയില്‍ തന്റെ എല്ലാം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മുന്‍ അമേരിക്കല്‍ നീന്തല്‍ താരമാണ് ഗാരി ഹാള്‍. വീടും പത്തു ഒളിമ്പിക് മെഡലുകളും നഷ്ടമായതായി താരം പറയുന്നു.
വീട്ടിലെ വളര്‍ത്തുനായയേയും കുറച്ച് സാധനങ്ങളും മാത്രമാണ് തനിക്ക് സംരക്ഷിക്കാന്‍ സാധിച്ചതെന്നും നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയെക്കാളും ആയിരം മടങ്ങ് ഭീകരമാണ് ഇവിടുത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വതും കത്തി നശിച്ചു. എന്നാല്‍ അതില്ലാതെ തനിക്ക് ജീവിക്കാന്‍ ആകുമെന്നും എല്ലാം വെറും വസ്തുക്കള്‍ മാത്രമാണെന്നും ജീവിതത്തില്‍ ഇനിയെല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമെന്നും അയാള്‍ പറയുന്നു.
ഈ മാസം 7നാണ് ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. ഇതുവരെയും തീ നിയന്ത്രണവിധേയമായിട്ടില്ല. 10,000 കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ അടക്കം നിരവധി കെട്ടിടങ്ങളാണ് കത്തി നശിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടം ഉണ്ടാക്കിയ ദുരന്തമായി മാറിയിരിക്കുകയാണ് തീപിടുത്തം.