Cabinet Decisions: 28-01-2025: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

രേണുക വേണു

ചൊവ്വ, 28 ജനുവരി 2025 (15:55 IST)
Cabinet Decisions: ഇന്നുചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍
 
കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു
 
പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്‌കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം. സമൃദ്ധമായ പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, സമ്പന്നമായ സാംസ്‌കാരിക പൈതൃകം, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷശക്തികളെ കേരളം തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂണിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കും.
 
ഹൈക്കോടതി പ്ലീഡര്‍മാരുടെ വേതനം പരിഷ്‌ക്കരിച്ചു
 
ഹൈക്കോടതിയിലെ ഗവണ്‍മെന്റ് സ്പെഷ്യല്‍ പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ എന്നിവരുടെ മാസവേതനം പരിഷ്‌ക്കരിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കില്‍ വര്‍ദ്ധിപ്പിക്കും. വര്‍ദ്ധനവിന് 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി കുടിശ്ശിക അനുവദിക്കും.
 
അഡ്വക്കേറ്റ് ജനലിന്റെ ഫീസ്, അലവന്‍സ് എന്നിവയും അഡീഷണല്‍ അഡ്വക്കേറ്റ്സ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ ഫീസ്, അലവന്‍സ് എന്നിവയും പരിഷ്‌കരിക്കും.
 
റീട്ടെയ്നര്‍ ഫീസ് - 2,50,000, അലവന്‍സ് - 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന് - 60,000, ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് - 15,000, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് -7500 എന്നിങ്ങനെയാണിത്.
 
കായികതാരങ്ങള്‍ക്ക് നിയമനം
 
കായികതാരങ്ങളായ ചിത്തരേഷ് നടേശനും, ഷിനു ചൊവ്വക്കും ആംഡ് പോലീസ് ബറ്റാലിയനില്‍ ആംഡ് പോലീസ് ഇന്‍സ്പെക്ടറുടെ രണ്ട് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച്  നിയമനം നല്‍കും. ബറ്റാലിയനില്‍ അടുത്ത് ഉണ്ടാകുന്ന ആംഡ് പോലീസ് ഇന്‍സ്പെക്ടറുടെ രണ്ട് റെഗുലര്‍ ഒഴിവുകളില്‍ അവരുടെ നിയമനം ക്രമീകരിക്കും.
 
തസ്തിക
 
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ & ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ ഒരു കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേര്‍ തസ്തിക സൃഷ്ടിക്കും. ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തിക ദിവസവേതനാടിസ്ഥാനത്തില്‍ അനുവദിക്കും.
 
അകാലവിടുതല്‍
 
ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതല്‍ അനുവദിക്കുന്നതിന്‍ ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കും. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോമിലെ 08.08.2024 ല്‍ കൂടിയ ഉപദേശക സമിതിയുടെ ശിപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണിത്.
 
മാറ്റം വരുത്തും
 
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും  ബോര്‍ഡുകള്‍, കമ്മീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഐടി ഉല്‍പനങ്ങള്‍ വാങ്ങുമ്പോള്‍ ഒരേ സ്പെസിഫിക്കേഷനുള്ള ഇനങ്ങളുടെ വില ജം പോര്‍ട്ടലില്‍ ലഭ്യമായ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോര്‍ട്ടല്‍ മുഖേന സംഭരിക്കേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സെന്‍ട്രലൈസ്ഡ് പ്രൊക്വയര്‍മെന്റ് റെയ്റ്റ് കോണ്‍ട്രാക്ട് സിസ്റ്റം തുടരും.
 
കൂടുതല്‍ പൊതു ഐ.ടി ഉല്‍പ്പന്നങ്ങളുടെ സ്പെസിഫിക്കേഷനുകള്‍ നിശ്ചയിച്ച് അവയുടെ വില വിവരങ്ങള്‍ സഹിതം CPRCS പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഐ ടി മിഷന്‍  ഡയറക്ടര്‍ സ്വീകരിക്കേണ്ടതാണ്.
 
മൂലഉപകരണം ഉല്‍പാദകര്‍ക്കുള്ള (OEM) പണം അടയ്ക്കാനുള്ള കാലതാമസം ഒഴിവാക്കുവാനും CPRCS വഴി ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഡെലിവറി / സേവനം വേഗത്തിലാക്കുവാനും CPRCS ന്റെ നിലവിലെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ കേരള സ്റ്റേറ്റ് ഐ ടി മിഷനും കെല്‍ട്രോണും കൈക്കൊള്ളണം.
 
ജെം (GeM) പോര്‍ട്ടലിന്റെ ഉപയോഗം സംബന്ധിച്ച് വകുപ്പുകള്‍ക്ക് ആവശ്യമായ പരിശീലനവും പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്സൈറ്റ് വഴി നല്‍കിയിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ഉറപ്പാക്കണം.
 
കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും
 
മുന്‍ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായിരുന്ന ബി.രാധാകൃഷ്ണനെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി രണ്ടു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍