'സ്ത്രീയെന്ന പരിഗണന'; ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ ഷെറിന് 14 വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചനം

രേണുക വേണു

ചൊവ്വ, 28 ജനുവരി 2025 (14:24 IST)
Sherin (Bhaskara Karanavar Murder Case)

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ച് മന്ത്രിസഭായോഗം. സ്ത്രീയെന്ന പരിഗണനയ്‌ക്കൊപ്പം 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ്. സ്ത്രീയെന്ന പരിഗണന നല്‍കി ശിക്ഷയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് ഷെറിന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തന്റെ മകന്‍ പുറത്തുണ്ടെന്നും ഷെറിന്‍ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. 
 
കൊലപാതക കേസില്‍ 2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്നു ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. പിന്നീട് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. 2017 മാര്‍ച്ചില്‍ ഷെറിനെ തിരുവനന്തപുരം വനിതാ ജയിലിലേക്കും മാറ്റി. അവിടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ജയില്‍മോചനം അനുവദിച്ചിരിക്കുന്നത്. 
 
ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ 2009 നവംബര്‍ ഏഴിനാണ് ഷെറിന്‍ കൊലപ്പെടുത്തിയത്. ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ശാരീരിക വെല്ലുവിളികള്‍ ഉള്ള ആളാണ് ബിനു പീറ്റര്‍. ഭാവി സുരക്ഷിതമാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു ഷെറിന്‍ ബിനു പീറ്ററെ വിവാഹം കഴിച്ചത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഇതേ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് ഭര്‍തൃപിതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍