ഇംഗ്ലീഷ് അറിയില്ലെന്ന വിചിത്ര കാരണത്താൽ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന്‍ സ്വദേശിയ മയക്കുമരുന്ന് കേസില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കി . ബോംബെ ഹൈക്കോടതിയുടെ ഗോവയിലെ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലായിരുന്നു ആന്‍റി നര്‍കോട്ടിക് സെല്‍ 50 കാരനായ യുസുജു ഹിനഗട്ടയെ അറസ്റ്റ് ചെയ്തത്.
വിചാരണയിൽ 2016 ല്‍ പ്രത്യേക കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തുകയും 10 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെതത്തിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പക്ഷെ പരിശോധന നടത്തുന്നതിന് മുമ്പ്, തന്നെ പരിശോധിക്കുന്നത് മജിസ്ട്രേറ്റിന്‍റെയോ ഗസറ്റഡ് ഓഫീസറിന്‍റെയോ മുന്നില്‍ വച്ചായിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം വ്യക്തിക്കുണ്ടെന്ന് പരിശോധിക്കപ്പെടുന്നയാളെ അറിയിച്ചിരിക്കണമെന്നാണ് നിയമം.
ഈ നിയമം തന്റെ കാര്യത്തിൽ പോലീസ് പാലിച്ചില്ലെന്നാണ് ഹിനഗട്ട കോടതിയെ അറിയിച്ചത്. അതേസമയം, ഹനിഗട്ടയോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. പോലീസ് പറഞ്ഞാലും തനിക്ക് ജാപ്പനീസ് ഭാഷ മാത്രമേ വശമുള്ളുവെന്നും തന്‍റെ ഭാഷയില്‍ ഇക്കാര്യം ആരും പറഞ്ഞുതന്നിട്ടില്ലെന്നുമായിരുന്നു ഹിനഗട്ട കോടതിയില്‍ നടത്തിയ മറുവാദം. പ്രതിയുടെ വാദം ശരിവച്ചാണ് ഹൈക്കോടതി ഹിനഗട്ടയെ കുറ്റവിമുക്തനാക്കിയത്.