ഹൈദരബാദിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐഎസ്ആർഒ ശാസ്ത്രഞ്ജൻ എസ് സുരേഷ് കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ സ്വവർഗ പങ്കാളിയാണെന്നാണ് പൊലീസ്. ഈ മാസം 1നാണ് നാഷണൽ റിമോർട്ട് സെന്ററിൽ ടെക്നിക്കൽ വിദഗ്ദനായ സുരേഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് സംഘമായി തിരിഞ്ഞ നടത്തിയ അന്വേഷണത്തിൽ സ്വകാര്യ പതോളജി ലാബിൽ ജോലി ചെയ്യുന്ന ജനഗാമ ശ്രീനിവാസാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
സുരേഷ് ഏറെ നാളായി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സുരേഷിന്റെ ഏകാന്തത മനസ്സിലാക്കിയ ശ്രീനിവാസ് അദ്ദേഹത്തോട് അടുപ്പത്തിന് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിശോധനയ്ക്കായി രക്തം എടുക്കാൻ എത്തിയാണ് ബന്ധം സ്ഥാപിച്ചത്. ലൈംഗിക ബന്ധത്തിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസിന്റെ ലക്ഷ്യം.
എന്നാൽ സുരേഷിൽ നിന്ന് പണം ലഭിക്കാതായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സെപ്‌തംബർ 30ന് ശ്രീനിവാസ് സുരേഷിന്റെ വീട്ടിൽ എത്തി. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം രണ്ട് പേരും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ശ്രീനിവാസ് സുരേഷിനെ ആക്രമിക്കുകയായിരുന്നു.