പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അഭിറാം മനോഹർ

തിങ്കള്‍, 31 മാര്‍ച്ച് 2025 (17:55 IST)
അണ്ണാഡിഎംകെ വീണ്ടും എന്‍ഡിഎ പാളയത്തിലെത്തിയത് നടന്‍ വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുമായുള്ള ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ അണ്ണാഡിഎംകെ തയ്യാറായില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
 
ടിവികെ- അണ്ണാഡിഎംകെ സഖ്യത്തെ നയിക്കുക വിജയ് ആയിരിക്കുമെന്നും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും താരം തന്നെ ആയിരിക്കണമെന്നുമായിരുന്നു പ്രധാന നിബന്ധന. ഇതിന് പുറമെ ആകെയുള്ള 234 സീറ്റുകളില്‍ പകുതി സീറ്റും ടിവികെ ആവശ്യപ്പെട്ടിരുന്നു. ഭരണക്കാലയളവിലെ ആദ്യപകുതി ഭരണം ടിവികെയും രണ്ടാം പകുതിയില്‍ അണ്ണാഡിഎംകെയുമായിരിക്കും എന്നതായിരുന്നു മറ്റൊരു നിബന്ധന. എന്നാല്‍ 3 പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ച പാര്‍ട്ടിയോട് ടിവികെ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യബോധ്യമില്ലാതെയാണെന്നാണ് അണ്ണാഡിഎംകെ വ്യക്തമാക്കിയത്. എന്നാല്‍ ജയലളിതയുടെ കാലത്തുണ്ടായിരുന്ന ശക്തി അണ്ണാഡിഎംകെയ്ക്കില്ലെന്നതായിരുന്നു ടിവികെയുടെ നിലപാട്. തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് സഖ്യസാധ്യതകള്‍ അടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍