നേരിയ പ്രതീക്ഷ നിലനിൽക്കുന്നു, വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുമെന്ന് ഇസ്രോ !

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (17:24 IST)
ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിനിടെ ആശയവിനിമയം നഷ്ടമായ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരും എന്ന് ഇസ്രോയിലെ മുതിർന്ന ഗവേഷകർ. ഇന്ത്യയുടെ അഭിമാന പദ്ധതി പൂർണ വിജയത്തിലെത്തിക്കാൻ സാധിക്കുമോ എന്നതിന് വഴികൾ തേടുകയാണ് ഇപ്പോൾ ഗവേഷകർ.
 
സെപ്തംബർ ഏഴിന് ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ട വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ഇസ്രോ ശ്രമിച്ചിരുന്നു. ഇതിനായി അമേരിക്കയുടെ ലൂണാർ ഓർബിറ്ററിന്റെ സഹായവും ഇന്ത്യ തേടിയിരുന്നു. എന്നാൽ ലാൻഡറിന് എന്തു സംഭവിച്ചു എന്നതിന്റെ വിശദമായ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
 
ചാന്ദ്ര പകൽ അവസാനിച്ചതോടെ വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇസ്രോ അവസാനിപ്പിച്ചിരുന്നു. 'ഇപ്പോൾ ബന്ധം പുനസ്ഥാപിക്കൽ സാധ്യമല്ല. അവിടെ രാത്രിയായിരിക്കുന്നു അതു മാറുമ്പോൾ ശ്രമം തുടരും എന്ന് ഇസ്രോ ചെയർമാൻ കെ ശിവൻ വർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു.
 
എന്നാൽ ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കുക ഇനി ശ്രമകരമാണ് എന്നു തന്നെയാണ് ഗവേഷകർ പറയുന്നത്. ഒരു ചാന്ദ്ര ദിവസമാണ് ലാൻഡറിനും റോവറിനും ആയുസ് കൽപ്പിച്ചിരുന്നത്. ഇത് കഴിഞ്ഞും ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കുമോ എന്നത് സംശയകരമാണ്. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ ലാൻഡറിന് തകരാറുകൾ സംഭവിച്ചിരിക്കും. മാത്രമല്ല ചന്ദ്രനിലെ കടുത്ത തണുപ്പിനെ ലാൻഡറിന് നേരിടാൻ സാധിക്കുമോ എന്നതും സംശയം തന്നെയാണ് എങ്കിലും അവസാന വഴികൾകൂടി തേടുകയാണ് ഗവേഷകർ.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍