ലൈംഗികാതിക്രമ കേസ് : ഹാർവി വെയ്‌ൻസ്റ്റൈൻ കുറ്റക്കാരനെന്ന് കോടതി

അഭിറാം മനോഹർ
ചൊവ്വ, 25 ഫെബ്രുവരി 2020 (09:40 IST)
ന്യൂയോർക്ക്: ലൈംഗീകാതിക്രമ കേസിൽ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്‌ൻസ്റ്റൈൻ(67) കുറ്റക്കാരനാണെന്ന് കോടതി. 2006ൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയേയും 2013ൽ പ്രമുഖ നടിയായ ജെസിക്ക മാനിനെയും പീഡിപ്പിച്ചുവെന്ന കേസിലാണ് വെയ്‌ൻസ്റ്റൈൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
 
ലൈംഗികാതിക്രമം നടന്നുവെന്ന് കോടതിയിൽ തെളിഞ്ഞുവെങ്കിലും അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി തള്ളി. ആജീവനാന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ലോകത്ത് കത്തിപടർന്ന മീ ടൂ പ്രസ്ഥാനം ആരംഭിച്ചത് വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയായിരുന്നു. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും പ്രമുഖ മോഡലുകളും ഉൾപ്പടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.
 
വെയ്ൻസ്റ്റൈനെതിരെയുള്ള പരാതികൾ വന്നതിനെ തുടർന്നാണ് ലോകമെങ്ങും പടർന്ന് പിടിച്ച മീ ടൂ മൂവ്‌മെന്റായി അത് മാറിയത്. സിനിമയ്‌ക്ക് പുറമെ വിവിധ രംഗത്ത് നിന്നുള്ള സ്ത്രീകൾ തങ്ങൾക്കേറ്റ ലൈംഗികാതിക്രമങ്ങൾ തുറന്നുപറയാൻ മീ ടൂ പ്രസ്ഥാനം കാരണമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article