ദില്ലി സംഘർഷം: അടിയന്തിരയോഗം വിളിച്ച് ചേർത്ത് അമിത് ഷാ, ജനങ്ങൾ സംയമനം പാലിക്കണമെന്ന് സോണിയാഗാന്ധി

അഭിറാം മനോഹർ
ചൊവ്വ, 25 ഫെബ്രുവരി 2020 (09:13 IST)
ദില്ലിയിൽ പൗരത്വഭേദഗതിനിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിരയോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് എന്നിവർ പങ്കെടുത്തു. അക്രമസംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കുവാനായി അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
 
അതിനിടെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടു.സംഘര്‍ഷത്തിനിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും മതസൗഹാർദ്ദം ഉയർത്തിപിടിച്ച് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തന്മെന്നും സോണിയ ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് സ്ഥലത്തില്ലെന്ന് ആരോപിച്ച് ബാബര്‍പുര്‍ എംഎല്‍എയും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കുന്നില്ലെന്നും ഗോപാൽ റോയ് പറഞ്ഞു.
 
പ്രദേശത്ത് അക്രമികൾ അഴിഞ്ഞാടുകയാണെന്നും എന്നാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സ്ഥലത്തില്ലെന്നും അദ്ഘം ആരോപിച്ചു. അതേസമയം വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം രാജ്യത്തിന് നാണക്കേടാണെന്ന് എഐഎംഐഎം നേതാവായ അസദ്ദുദ്ദീൻ ഒവൈസി ഹൈദരാബാദിൽ പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article