ഗാസയിലെ ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ജന്മനാട്ടില്‍ നിന്നും അവരെ പുറത്താക്കുകയല്ല. ഗാസയിലെ ജനത 15 മാസത്തിലേറെയായി ബോംബാക്രമണത്തിന് വിധേയമാവുകയാണ്. അവര്‍ അവരുടെ നാട്ടില്‍ വേരൂന്നിയവരാണ്. അവരെ മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല. ഹമാസ് വ്യക്തമാക്കി.
ഗാസയെ ഏറ്റെടുത്ത് രാജ്യാന്തര മേഖലയാക്കി മാറ്റുകയും പലസ്തീന്‍കാരെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ഈ പ്രസ്താവനയെ ഈജിപ്തും ജോര്‍ദാനും തള്ളിയിരുന്നു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുകയാണ് വേണ്ടതെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയത്.