അതീവ പ്രഹരശേഷിയുടെ 'ബോംബ്' ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ കനത്ത നാശനഷ്ടം. അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് ലക്ഷത്തിലധികം പേര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇരുട്ടിലായി. മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റാണ് യുഎസിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ആഞ്ഞുവീശിയത്.
ചൊവ്വാഴ്ചയാണ് ബോംബ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം താറുമാറായി. വാഷിങ്ടണ്‍, സൗത്ത് വെസ്റ്റ് ഒറിഗണ്‍, നോര്‍ത്തേണ്‍ കാലിഫോര്‍ണിയ എന്നീ മേഖലകളിലെല്ലാം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
എനംക്ലാവില്‍ 74 മൈല്‍ വേഗതയില്‍ എത്തിയ ചുഴലിക്കാറ്റ് സിയാറ്റില്‍ പ്രദേശത്ത് 40 മുതല്‍ 55 മൈല്‍ വരെ വേഗതയില്‍ വീശി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനു ശേഷം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ പസഫിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.