ആണവഭീതിയിൽ യൂറോപ്പ്, പൗരന്മാർ വെള്ളവും ഭക്ഷണവും അടക്കമുള്ള മുൻകരുതലുകൾ എടുക്കണമെന്ന ലഘുലേഖയുമായി നാറ്റോ രാജ്യങ്ങൾ

അഭിറാം മനോഹർ

ബുധന്‍, 20 നവം‌ബര്‍ 2024 (14:10 IST)
റഷ്യ ആണവായുധങ്ങളെ സംബന്ധിച്ച തങ്ങളുടെ നയം മാറ്റിയതിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുകളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധസമാനമായ സാഹചര്യമുണ്ടാകുമെന്ന രീതിയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തതായി വിദേശമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഭക്ഷണവും വെള്ളവുമടക്കമുള്ള അടിസ്ഥാനകാര്യങ്ങള്‍ കരുതണമെന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് ലഘുലേഖ.  ഇത്തരത്തില്‍ സ്വീഡന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തതായി യുകെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍വെയും സമാനമായ രീതിയില്‍ ലഘുലേഖകള്‍ പുറത്തിറക്കിയിട്ടുണ്ട്. ആണവ ആക്രമണം ഉള്‍പ്പടെ 3 ദിവസത്തെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാന്‍ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍,വെള്ളം,മരുന്നുകള്‍ എന്നിവ സംഭരിക്കാന്‍ ഡെന്മാര്‍ക്ക് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഫിന്‍ലന്‍ഡും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
 യുക്രെയ്‌നുമായുള്ള യുദ്ധം 1000 ദിവസത്തിലേക്ക് പ്രവേശിക്കുന്നതിനിടെ റഷ്യയ്ക്ക് നേരെ അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രെയ്‌നിന് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ന്‍ റഷ്യയില്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ റഷ്യ തങ്ങളുടെ ആണവനയം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പ് യുദ്ധഭീതിയിലായിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍