ആണവശേഷിയുള്ള രാജ്യത്തിനൊപ്പമുള്ള ഏത് ആക്രമണവും സംയുക്ത ആക്രമണമാക്കി കണക്കാക്കും, വേണ്ടിവന്നാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് പുടിന്‍, കാര്യങ്ങള്‍ കൈവിടുമോ?
യു എസ് നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ റഷ്യയ്ക്ക് നേരെ ഉപയോഗിക്കുവാന്‍ കഴിഞ്ഞ ദിവസം ജോ ബൈഡന്‍ ഭരണകൂടം യുക്രെയ്‌ന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ റഷ്യയുടെ ബ്രയന്‍സ്‌ക് പ്രവിശ്യയിലെ സൈനികകേന്ദ്രത്തിന് നേരെ യുക്രെയ്ന്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ നടപടി.
രാജ്യത്തിന്റെ തത്വങ്ങള്‍ നിലവിലെ സാഹചര്യത്തിന് അനുസൃതമായി കൊണ്ടുവരേണ്ടത് ആവശ്യമാണെന്നാണ് നയം മാറ്റത്തെ പറ്റി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പടെ റഷ്യക്കെതിരായ ഏത് സുപ്രധാന ആക്രമണത്തിനും പ്രതികാരമായി ആണവായുധം ഉപയോഗിക്കാന്‍ പുതുക്കിയ ഉത്തരവ് റഷ്യയ്ക്ക് അംഗീകാരം നല്‍കുന്നു. ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കുമെന്നാണ് പുതിയ നയം പറയുന്നത്. ആണവശക്തിയില്ലാത്ത രാജ്യത്തിന് നേരെയും ആണവായുധം ഉപയോഗിക്കുമെന്നാണ് പുതിയ റഷ്യന്‍ നയം. ഇതിനായി 2020ലെ നയമാണ് റഷ്യ തിരുത്തിയത്.