അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു മൂന്നാം കക്ഷിയും വെടിനിര്‍ത്തലില്‍ ഇടപെട്ടിട്ടില്ലെന്നും വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്റെ ഡിജിഎംഒ ബന്ധപ്പെടുകയായിരുന്നുവെന്നും സൈന്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടി നിര്‍ത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്ന തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. കൂടാതെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയുടെ പ്രസ്താവനയേയും ഇന്ത്യ തള്ളി. ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ തുടര്‍ ചര്‍ച്ച എന്നാണ് മാര്‍ക്കോ റൂബി പറഞ്ഞത്. ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും ഒരു മൂന്നാം കക്ഷിയും ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഒരു മിനിറ്റ് മാത്രമാണ് വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി സംസാരിച്ചത്. മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.