രണ്ടാം ലോകമഹായുദ്ധത്തിലെ നാസിക്കുറ്റവാളി മരണമടഞ്ഞു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജൂതന്‍മാരെ ക്രൂരപീഡനത്തിന് വിധേയരാക്കിയ ഹംഗറിക്കാരനായ ലസ്‌ലെ സടാരിയാണ് (98) ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞത്.
വിചാരണ കാത്ത് ഹംഗറിയില്‍ വീട്ടു തടങ്കലിലായിരുന്നു സടാരി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ സ്ളൊവാക് നഗരമായ കൊസൈസിലെ കോണ്‍സ്ട്രേഷന്‍ ക്യാമ്പിന്റെ ചുമതലക്കാരനായിരുന്നു കസാ എഹറിയ എന്നറിയപ്പെട്ടിരുന്ന സടാരി.
പോളണ്ടിലെ കോണ്‍സ്ട്രേഷന്‍ ക്യാമ്പുകളിലെക്ക് 15700 ജൂതന്മാരെയാണ് ഇയാള്‍ ആ കാലഘട്ടത്തിലയച്ചത്. പലരും പിന്നീട് പുറലോകം കണ്ടിട്ടില്ല. ഈ തടവുകാരെ ക്രൂരമായി പീഡിപ്പിച്ച് അവരുടെ കരച്ചില്‍ കേട്ട് ആഹ്ളാദിക്കുകയും ചെയ്തിരുന്ന അതിക്രൂരനായിരുന്നു സടാരി.
യുദ്ധത്തില്‍ നാസി പട്ടാളത്തിന്റെ തോല്‍വി ഉറപ്പായതോടെ സടാരി ഒളിവില്‍ പോയി കാനഡയില്‍ കരകൗശല വസ്തു വില്പനക്കാരനായി ജീവിച്ചു. ചെക്കോസ്ളോവാക്യയില്‍ 1948-ല്‍ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച സടാരിക്ക് യുദ്ധക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഒളിവിലായിരുന്ന സടാരിയെ 1990-ലാണ് പിടികൂടിയത്.