മൈന്‍ഡ് ചെയ്യാത്തതിന് കാമറണിന്റെ ടിപ്പ്!

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2011 (13:47 IST)
PRO
ഇറ്റലിയില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ മാധ്യമശ്രദ്ധ നേടുന്നു. മൊണ്ടേവാര്‍സി നഗരത്തിലെ ഒരു കഫേയില്‍ തന്നെ പരിഗണിക്കാതിരുന്ന ഒരു പരിചാരികയെ തേടി രണ്ടാം തവണയും അവിടം സന്ദര്‍ശിച്ച കാമറണ്‍ അവര്‍ക്ക് ടിപ്പ് നല്‍കി!

കഴിഞ്ഞയാഴ്ചയാണ് കാമറണും ഭാര്യയും ഡോള്‍സിനറോ കഫേയില്‍ സന്ദര്‍ശനം നടത്തിയത്. ഭക്ഷണ പാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്ത കാമറണ്‍ പരിചാരികയോടെ ‘സെര്‍വ്’ ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആളെ തിരിച്ചറിയാതിരുന്ന ഫ്രാന്‍സെസ്ക അരിയാനി എന്ന പരിചാരിക ആവശ്യമെങ്കില്‍ സ്വയം സെര്‍വ് ചെയ്തുകൊള്ളാന്‍ കാമറോണിനോട് പറഞ്ഞ് സ്ഥലംവിട്ടു.

പിന്നീട്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു കഫേയില്‍ വന്നതെന്നറിഞ്ഞപ്പോള്‍ തന്റെ പെരുമാറ്റമോര്‍ത്ത് അരിയാനി ദു:ഖിതയായി. പക്ഷേ, തന്നെ ആശ്വസിപ്പിക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും കഫേയില്‍ എത്തിയത് അവരെ അത്ഭുതപ്പെടുത്തി.

ഞായറാഴ്ച ഇളയമകള്‍ നാന്‍സിയുമൊത്താണ് കാമറണ്‍ കഫേയിലെത്തിയത്. ബീറും ശീതളപാനീയവും ഓര്‍ഡര്‍ ചെയ്ത കാമറണ്‍ ആദ്യ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇരുന്ന സ്ഥലം തന്നെയാണ് തെരഞ്ഞെടുത്തത്. അരിയാനിയെ അടുത്തുവിളിച്ച കമറണ്‍ കഴിഞ്ഞ ആഴ്ചത്തെ പെരുമാറ്റത്തില്‍ ദു:ഖിക്കേണ്ട എന്ന് പറയുകയും ബില്ലിനു പുറമെ ഒരു തുക ടിപ്പായി നല്‍കുകയും ചെയ്തു.