പെലെയ്ക്ക് 67

Webdunia
WDWD
കാല്‍പന്തുകളിയിലെ നിത്യ വിസ്മയമായിരുന്ന പെലെയ്ക്ക് 2007, ഒക്ടോബര്‍ 23ന് 67 വയസ് തികയുന്നു. തെരുവില്‍ പന്തു തട്ടി ലോക ഫുട്ബോളിന്‍റെ നെറുകയിലെത്തിയ പെലെയുടെ ബാല്യം ദാരിദ്യ്രത്തിന് നടുവിലായിരുന്നു. ബ്രസീലിലെ ട്രസ്കാരക്കോസ് എന്ന ഗ്രാമത്തിലാണ് പെലെ ജനിച്ചത്.

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരില്‍ ഒരാള്‍. ബ്രസീലിയന്‍ മഞ്ഞപ്പടയുടെ സാംബാ താളത്തിനൊപ്പിച്ച ചുവടുവയ്പിന്‍റെ മധുര സ്മരണയാണ് പെലെ. സാന്‍റോസ് ക്ളബിനു വേണ്ടി പെലെ 1000 ഗോളാണടിച്ചത്.

എഡ്സണ്‍ അരാന്‍റസ്ഡൊ നാസിമെന്‍റാ എന്ന പെലെ 15-ാം വയസില്‍ സാന്‍റോസ് ക്ളബിനു വേണ്ടി കളിച്ചു തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദേശീയ ടീമിലിടം കിട്ടി. അര്‍ജന്‍റീനക്കെതിരെയായിരുന്നു ആദ്യ രാജ്യാന്തര മത്സരം. ഈ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

1958 ല്‍ ലോകകപ്പ് ടീമിലെത്തി. പെലെയ്ക്ക് 17 വയസ്സ്. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പയ്യന്‍. സ്വീഡനിലായിരുന്നു മത്സരം. പെലെയെ ടീമിലെടുത്തത് ബ്രസീലില്‍ വിവാദമായി. ലോകകപ്പ് കളിയ്ക്കാന്‍ ഈ പയ്യന് പക്വതയായില്ല എന്നായിരുന്നു പ്രധാന വിമര്‍ശനം. സ്വീഡനിലെത്തുമ്പോള്‍ പെലെയുടെ മുട്ടുകാലിന് പരിക്കും.

ആദ്യ രണ്ടു മത്സരത്തില്‍ കോച്ച് വിന്‍സന്‍റ് ഫിയോള പെലെയെ ഇറക്കിയില്ല. സോവിയറ്റ് യൂണിയനതിരെയാണ് മൂന്നാമത്തെ കളി. പെലെയെ ഇറക്കണമെന്ന് ഫിയോള കരുതി. ടീമിന്‍റെ മനഃശാസ്ത്രജ്ഞന്‍ സമ്മതിച്ചില്ല. ശിശുവാണ്. പോരാത്തത്തിന് മെലിഞ്ഞ ശരീരവും. മനഃശാസ്ത്രജ്ഞന്‍റെ വിലക്കുകള്‍ ഫിയോള അവഗണിച്ചു. ഫുട്ബോളിന്‍റെ ഭാഗ്യം.

പെലെ ഇറങ്ങി. ബ്രസീസിന്‍റെ ആരാധന മൂര്‍ത്തിയായിരുന്ന ഗാരഞ്ചയുമൊത്ത് ഇണങ്ങി. സോവിയറ്റിനെ തൂത്തെറിഞ്ഞു. (2-0). ഇതോടെ പെലെയെ മാറ്റി നിര്‍ത്താന്‍ പറ്റാതായി. വെയില്‍സിനെതിരെ ക്വാര്‍ട്ടര്‍. പെലെയുടെ ഗോളില്‍ വിജയം. ഫ്രാന്‍സിനെതിരെ സെമി. പെലെ 23 മിനുട്ടിനുള്ളില്‍ നേടിയ ഹാട്രിക്കോടെ 5-2 വി ിജയം . സ്വീഡനെതിരെ ഫൈനല്‍. പെലെയ്ക്ക് രണ്ടു ഗോള്‍ കൂടി. ബ്രസീല്‍ ചാമ്പ്യന്മാര്‍!.

1962 ല്‍ ചിലിയിലെ ലോകകപ്പിലും പെലെ ടീമില്‍. മെക്സിക്കോയ്ക്കെതിരെ ആദ്യ കളി. പെലെയുടെ മാന്ത്രിക സ്പര്‍ശമുള്ള ഗോളോടെ 2-0നു വിജയം. രണ്ടാമത്തെ മത്സരം ചെക്കോസ്ളോവാക്യക്കെതിരെ. ഇതില്‍ പരിക്കേറ്റു. പിന്നെ ഒരു മത്സരവും കളിക്കാനായില്ല. പക്ഷേ പെലെയുടെ കൂട്ടുകാര്‍ ബ്രസീലിനെ ലോക ചാമ്പ്യന്മാരാക്കി.

1966 ല്‍ ഇംഗ്ളണ്ട് വേദി. പെലെയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ബള്‍ഗേറിയക്കെതിരെ ആദ്യ മത്സരം. ബള്‍ഗേറിയന്‍ പ്രതിരോധത്തില്‍ പെലെയെ ചവിട്ടിക്കൂട്ടി. രണ്ടാം മത്സരം കളിക്കുമോ എന്നുതന്നെ സംശയമായി. കളിച്ചത് കൂടുതല്‍ കുഴപ്പമായി. പോര്‍ച്ചുഗലുകാര്‍ ആക്രമിച്ചു വീഴ്ത്തി. കരഞ്ഞുകൊണ്ട് പെലെ കളംവിട്ടു. ഇനി ലോകകപ്പ് കളിയ്ക്കില്ല എന്ന പ്രതിജ്ഞയോടെ.

1970 ല്‍ പെലെ പ്രതിജ്ഞ ലംഘിച്ചു. മെക്സിക്കോവിലെത്തി. പെലെയുടെ നിര്‍ണായക പങ്കില്‍ ബ്രസീല്‍ യുള്‍റിമെ കപ്പില്‍ ഹാട്രിക് തികച്ചു. നിരവധി പുരസ്കാരങ്ങളും പെലെയെത്തേടിയെത്തി. 2000 നൂറ്റാണ്ടിലെ മികച്ച രണ്ടാമത്തെ കായികതാരമായി തെരഞ്ഞെടുത്തത് ബ്രസീലിന്‍റെ കറുത്തു മുത്തായ പെലെയെയാണ് .

1978 ല്‍ ഇന്‍റര്‍ നാഷണല്‍ പീസ് അവാര്‍ഡ് നേടിയ പെലെ ബ്രസീലിന്‍റെ സ്പോര്‍ട്സ് അംബാസിഡറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഈയിടെ മകനെ മയക്കുമരുന്ന് കേസില്‍ പോലീസ് പിടിച്ചത് പെലെയെ വല്ലതെ തളര്‍ത്തിയിരുന്നു.അദ്ദേഹം രാജ-്യത്തൊട് മാപ്പു പറയുകയും ചെയ്തു