പണത്തിന്‍റെ കളിയായി മാറുന്ന ലോക കായിക രംഗത്ത് ഒത്തുകളിയുടെ മുഖങ്ങള്‍ എല്ലാ ഗെയിമിലേക്കും എത്തുകയാണ്. ക്രിക്കറ്റിനും ഫുട്ബോളിനും പിന്നാലെ ഇപ്പോള്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ടെന്നീസില്‍ നിന്നാണ് കേള്‍ക്കുന്നത്. ബ്രിട്ടീഷ് താരം ആന്‍ഡിമുറെ യാണ് വിവാദത്തിനു ആദ്യം തുടക്കമിട്ടത്. റഷ്യയ്ക്കെതിരെയാണ് ആരോപണം ഏറെയും.
പുതിയ വെളിപ്പെടുത്തലുകളുമായെത്തുന്നത് ചെക്ക് ടെന്നീസ് താരം യാന്‍ ഹെന്‍റിക്കാണ്. രണ്ടു കളി പരാജയപ്പെടുന്നതിനായി തനിക്കു പണ വാഗ്ദാനം ലഭിച്ചിരുന്നതായിട്ടാണ് യാന്‍ വെളിപ്പെടുത്തുന്നത്. മോസ്ക്കോയില്‍ ഇറ്റാലിയന്‍ താരം ഫിലിപ്പോ വൊളണ്ടറിക്കെതിരെ ആദ്യ റൌണ്ടില്‍ പരാജയപ്പെടുന്നതിനായിരുന്നു ആദ്യ വാഗ്ദാനം.
രണ്ടാമത്തേത് സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗിലെ ആദ്യ റൌണ്ടില്‍ യെവെഗ്‌നി കൊറലേവിനെതിരെയായിരുന്നു. രണ്ടു മത്സരത്തിലും ചെക്ക് റിപ്പബ്ലിക്ക് താരം വിജയം കണ്ടെത്തി. കളി വില്‍ക്കുന്നോ എന്നൊരാള്‍ ചോദിച്ചതായിട്ടാണ് യാന്‍ നടത്തുന്ന വെളിപ്പെടുത്തല്‍. അതേ സമയം തന്നെ ജര്‍മ്മന്‍ തരം ടോമി ഹാസും വിചിത്രമായ മറ്റൊരു വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നടത്തി.
റഷ്യയ്‌ക്കെതിരെ ഡേവിസ് കപ്പ് സെമി യില്‍ താന്‍ പരാജയപ്പെടാന്‍ കാരണം വിഷ ബാധ മൂലമാണെന്നായിരുന്നു ഹാസിന്‍റെ വെളിപ്പെടുത്തല്‍. മോസ്ക്കോയില്‍ വച്ച് പേരു പറയാത്ത ഒരാള്‍ ഹാസിനു വിഷബാധയേറ്റതായി പറഞ്ഞെന്ന് സഹ താരം അലക്‍സാണ്ടര്‍ വാസ്ക്കോയും ജര്‍മ്മന്‍ ടാബ്ലോയ്ഡുകളില്‍ ഒന്നില്‍ വ്യക്തമാക്കി.
ഈ മത്സരത്തില്‍ ഹാസ് 2-1 നു ലീഡ് ചെയ്യുമ്പോള്‍ മത്സരത്തില്‍ നിന്നും മാറിയ ഹാസിനു പകരം ഫിലിപ് പെറ്റ്സ്ഷെനറാണ് ബാക്കി മത്സരം കളിച്ചത്. ഈ മത്സരത്തില്‍ ജര്‍മ്മനി പരാജയപ്പെടുകയും ചെയ്‌തു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുകയാണ്. അതേ സമയം ഈ ഊഹാപോഹത്തിന് തെളിവില്ലെന്നാണ് ജര്‍മ്മന്‍ ടെന്നീസ് ഫെഡറേഷന്‍ പറയുന്നത്.