അമേരിക്കന്‍ ഫുട്ബോളിലേക്ക് ഡേവിഡ് ബെക്കാം എന്നതു തന്നെ സോക്കര്‍ ആരാധകര്‍ക്ക് ഗംഭീര വാര്‍ത്തകളില്‍ ഒന്നായിരുന്നു. ലോകത്തെ ഏറ്റവും സെലിബ്രിറ്റി ഫുട്ബോളര്‍ അമേരിക്ക നിവാസിയാകുന്ന വിവരം ഫുട്ബോള്‍ ആരാധകര്‍ ഗംഭീരമായിട്ട് ആഘോഷിച്ചു മതിയാകുന്നതേയുള്ളൂ. അപ്പോള്‍ ദേ അടുത്തത്. ഡച്ച് ഫുട്ബോളിലെ ഇതിഹാസ താരം റൂഡ് ഗുള്ളിറ്റും അമേരിക്കന്‍ മേജര്‍ ലീഗിലെക്കു കാലെടുത്തു വയ്‌ക്കുകയാണ്.
സാക്ഷാല്‍ ബെക്കാം കളിക്കുന്ന ക്ലബ്ബായ ലോസ് ഏഞ്ചല്‍സുമായി ബന്ധപ്പെടുത്തി തന്നെയാണ് ഗുള്ളിറ്റിനെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍. കളത്തില്‍ ടീമിനെ ജയിപ്പിക്കാനുള്ള ചുമതലയാണ് ബെക്കാമിനെങ്കില്‍ കരയിലിരുന്നു ജയിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനാണ് ഓറഞ്ചു ടീമിലെ മുന്‍ മിഡ്ഫീല്‍ഡറെ ലോസ് ഏഞ്ചത്സ് ഗ്യാലക്‍സി കൊണ്ടുവന്നിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ക്ലബ്ബിന്‍റെ പുതിയ പരിശീലകനായി മുന്‍ യൂറോപ്യന്‍ ഫുട്ബോളര്‍ കൂടിയായ ഗുള്ളിറ്റിനെ തെരഞ്ഞെടുത്ത വിവരം ക്ലബ്ബ് പുറത്തു വിട്ടത്. മൂന്നു വര്‍ഷത്തേക്കാണ് ക്ലബ്ബുമായി കരാര്‍. നിലവില്‍ ലീഗില്‍ താഴെക്കിടക്കുന്ന ക്ലബ്ബിനെ രണ്ടു സെലിബ്രിട്ടികളും കൂടി മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് അധികൃതര്‍.
ക്ലബ്ബിന്‍റെ കനേഡിയന്‍ പരിശീലകന്‍ ഫ്രാങ്ക് യാല്ലോപ്പ് രാജിവച്ച ഒഴിവിലാണ് മുന്‍ ഡച്ച് മിഡ്ഫീല്‍ഡറെ ക്ലബ്ബ് പ്രസിഡന്‍റായ അലക്‍സി ലാലസും സംഘവും കൊണ്ടുവന്നത്. ആംസ്റ്റര്‍ഡാമില്‍ ജനിച്ച ഗുള്ളീറ്റിനെ അദ്ദേഹത്തിന്‍റെ കാലത്തെ മികച്ച അറ്റാക്കിംഗ് ഫുട്ബോളര്‍മാരുടെ പട്ടികയിലാണ് ഫുട്ബോള്‍ പണ്ഡിതന്‍മാര്‍ വിലയിരുത്തിയിരിക്കുന്നത്.
1987 ലും 1989 ലും ലോക ഫുട്ബോളറായിരുന്ന ഗുള്ളിറ്റ് 1987 ല്‍ തനിക്കു ലഭിച്ച യൂറോപ്യന്‍ ഫുട്ബോളര്‍ പുരസ്ക്കാരം ജയില്‍ വാസം അനുഭവിക്കുകയായിരുന്ന ചരിത്ര നായകന്‍ നെത്സണ്‍ മണ്ടേലയ്‌ക്ക് സമര്‍പ്പിക്കുകയുണ്ടായി. എ സി മിലാനും ഫെയര്‍നൂദിനും സാംപ്ദോറിയയ്‌ക്കും പി എസ് വി എന്തോവനും ചെല്‍സിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 1982 ,1992 യൂറോപ്യന്‍ കപ്പിലും 1990 ലോകകപ്പിലും ഡച്ചു ടീമിനൊപ്പം കളിച്ചു.