Kerala Blasters, Sunil Chhetri: സുനില്‍ ഛേത്രി നേടിയത് ഗോള്‍ തന്നെ; നടപടിയുണ്ടാകില്ല, നിയമം പറയുന്നത് ഇങ്ങനെ

Webdunia
ശനി, 4 മാര്‍ച്ച് 2023 (10:02 IST)
Kerala Blasters, Sunil Chhetri: ഐ.എസ്.എല്‍. പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്.സി. താരം സുനില്‍ ഛേത്രി നേടിയ ഗോള്‍ നിയമവിധേയം തന്നെ. നിയമത്തിന്റെ പരിധിക്ക് പുറത്ത് ആ ഗോളില്‍ ഒന്നുമില്ലെന്നാണ് ഇ.എസ്.പി.എന്‍. അടക്കമുള്ള കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ 13.3 നിയമപ്രകാരമാണ് ഈ ഗോളിന് നിയമസാധുത. അതിവേഗ ഫ്രീ കിക്ക് എടുക്കാന്‍ താരങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. 
 
അതിവേഗ ഫ്രീ കിക്ക് എടുക്കുന്ന സമയത്ത് എതിര്‍ ടീമിലെ താരം പ്രതിരോധിക്കാനായി പത്ത് വാര (10 യാര്‍ഡ്) യേക്കാള്‍ അകലം കുറവില്‍ നിന്നുകൊണ്ട് ഇടപെടുകയാണെങ്കില്‍ കളി തുടരാന്‍ റഫറിക്ക് അനുവദിക്കാവുന്നതാണ്. മാത്രമല്ല അതിവേഗ ഫ്രീ കിക്കാണ് എടുക്കാന്‍ പോകുന്നതെങ്കില്‍ തനിക്ക് വിസിലിന്റെ ആവശ്യമില്ലെന്ന് കിക്ക് എടുക്കുന്ന താരം റഫറിയെ അറിയിക്കുകയും വേണം. 
 
ഛേത്രി ഫ്രീ കിക്ക് എടുക്കുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ പന്തിന് തൊട്ടടുത്ത് നിന്ന് പ്രതിരോധിച്ചിരുന്നു. മാത്രമല്ല തനിക്ക് വിസിലിന്റെ ആവശ്യമില്ലെന്നും അതിവേഗ ഫ്രീ കിക്ക് എടുക്കുകയാണെന്നും റഫറിയെ അറിയിച്ചിരുന്നതായും ഛേത്രി മത്സരശേഷം വെളിപ്പെടുത്തി. 
 
വിവാദ ഗോളിനെ കുറിച്ച് ഛേത്രിയുടെ പ്രതികരണം ഇങ്ങനെ 
 
താന്‍ നേടിയ ഗോള്‍ നിയമപ്രകാരം തന്നെയാണെന്നാണ് ഛേത്രി വാദിക്കുന്നത്. 'ഞങ്ങള്‍ക്ക് ഫ്രീ കിക്ക് ലഭിച്ചു. അപ്പോള്‍ തന്നെ ഞാന്‍ റഫറിയോട് പറഞ്ഞു വിസിലിന്റെ ആവശ്യമില്ല, വാള്‍ (പ്രതിരോധ മതില്‍) പോലും വേണ്ട. ഞാന്‍ അതിവേഗ ഫ്രീ കിക്കാണ് എടുക്കുന്നത്. 'ഉറപ്പാണോ' എന്ന് റഫറി എന്നോട് ചോദിച്ചു. 'അതെ' എന്ന് ഞാനും പറഞ്ഞു. വിസിലോ വാളോ വേണ്ടെന്ന് ഞാന്‍ ആവര്‍ത്തിച്ചു. 'ഉറപ്പല്ലേ' എന്ന് റഫറി വീണ്ടും ചോദിച്ചു. 'അതെ' എന്ന് മറുപടി നല്‍കിയ ശേഷമാണ് ഞാന്‍ ആ കിക്ക് എടുത്തത്,' ഛേത്രി പറഞ്ഞു.

 

' പന്തിന്റെ വലതുഭാഗത്ത് ലൂണ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ ആദ്യശ്രമം ലൂണ തടുക്കുന്നത് കാണാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ലൂണ മനസ്സിലാക്കിയെന്ന് ഞാന്‍ കണക്കുകൂട്ടി. ലൂണ വീണ്ടും തിരിഞ്ഞു. എന്നെ വീണ്ടും ബ്ലോക്ക് ചെയ്തു. എനിക്ക് സ്ഥലം ഇല്ലായിരുന്നു. അപ്പോള്‍ ഞാന്‍ റഫറിയോട് പത്ത് വാരയ്ക്ക് വേണ്ടി വാദിച്ചു. എല്ലാ കളിയിലും ഞാനത് ചെയ്യുന്നതാണ്. എല്ലാ കളികളിലും ഇങ്ങനെയൊരു അവസരം ലഭിക്കുന്നതാണ്. ഇങ്ങനെയൊരു ഷോട്ട് എടുത്ത് അത് ആരെങ്കിലും ബ്ലോക്ക് ചെയ്താല്‍ ചിലപ്പോള്‍ വീണ്ടും ഒരു ഫ്രീ കിക്കിനുള്ള അവസരം അവിടെ വീണ്ടും ലഭിക്കും. ലൂണ പന്തിന് മുന്നിലുണ്ടായിരുന്നു. അവിടെ ഒഴിവുണ്ടായിരുന്നില്ല. ഞാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ അദ്ദേഹം തടുക്കുന്നത് കാണാം. പൊതുവെ അത്തരം സമയങ്ങളില്‍ പത്തുവാരയ്ക്കപ്പുറം താരങ്ങളെ നിര്‍ത്താന്‍ ആവശ്യപ്പെടാറാണ് പതിവ്. ഇത്തവണ വിസിലും പത്തുവാരയും വേണ്ടെന്ന് രണ്ട് പ്രാവശ്യം ഞാന്‍ റഫറിയോട് പറഞ്ഞിരുന്നു. പിന്നീട് സംഭവിച്ചതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അത് അഴരുടെ കാര്യമാണ്.' ഛേത്രി പറഞ്ഞു. 
 
മത്സരം ബഹിഷ്‌കരിച്ച് ബ്ലാസ്റ്റേഴ്‌സ് 
 
പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരത്തിനിടെയാണ് വിവാദ ഗോള്‍ പിറന്നത്. അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തില്‍ 97-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെയാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീ കിക്കിനായി അണിനിരക്കുന്ന സമയത്ത് ഛേത്രി ക്വിക്ക് ഫ്രീ കിക്ക് എടുക്കുകയായിരുന്നു. ഇത് കൃത്യമായി പോസ്റ്റില്‍ ചെന്നുപതിച്ചു. 


 
 
ഛേത്രിയുടെ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി ഗോള്‍ അനുവദിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രതിരോധ താരങ്ങളെ ഫ്രീ കിക്കിനായി അണിനിരത്താന്‍ പോയ സമയത്താണ് ഛേത്രിയുടെ വിവാദ ഗോള്‍. അതിവേഗ ഫ്രീ കിക്കിന് അനുവാദം നല്‍കിയിരുന്നെന്ന് റഫറിയും ഇല്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളും വാദിച്ചു. ഇതോടെ കണ്ടീരവ സ്റ്റേഡിയത്തില്‍ വാക്കേറ്റമായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മടക്കിവിളിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് മടങ്ങി വരാന്‍ സമയം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മാച്ച് റഫറി ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article