ലോകകപ്പ് കിരീടനേട്ടം ഉണ്ടായി നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ സന്തോഷത്തിൻ്റെ അലകൾ അർജൻ്റീനയിൽ അവസാനിച്ചിട്ടില്ല. പതിനഞ്ച് വർഷത്തിന് മേലിലുള്ള തൻ്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ലോകകപ്പ് സമ്മാനിക്കാൻ സഹായിച്ച സഹതാരങ്ങൾക്കായി സ്വർണത്തിൻ്റെ ഐ ഫോണുകൾ സമ്മാനിക്കാനൊരുങ്ങുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. ഇതിനായി താരം 35 ഐഫോണുകൾ വാങ്ങിച്ചതായാണ് റിപ്പോർട്ട്.
ഓരോ കളിക്കാരൻ്റെ പേരും ജേഴ്സി നമ്പറും അർജൻ്റീനയുടെ ലോഗോയും പതിപ്പിച്ച 24 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച ഫോണുകളാണ് മെസ്സി സമ്മാനിക്കാനൊരുങ്ങുന്നത്. ഐ ഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ് ഈ ഫോണുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണയായി നൽകുന്ന വാച്ചുകൾ പോലുള്ള സമ്മാനങ്ങൾ നൽകാൻ താത്പര്യമില്ലാത്തതിനെ തുടർന്നാണ് സ്വർണ ഐഫോണുകൾ നൽകാമെന്ന തീരുമാനത്തിലേക്ക് മെസ്സി എത്തിയത്.