Kerala Blasters: വിസില്‍ വേണ്ട, അതിവേഗ ഫ്രീ കിക്കാണ് എടുക്കാന്‍ പോകുന്നത്; താന്‍ റഫറിയെ അറിയിച്ചിരുന്നെന്ന് സുനില്‍ ഛേത്രി, ഗോളിന് നിയമസാധുത !

ശനി, 4 മാര്‍ച്ച് 2023 (09:30 IST)
Kerala Blasters: ഐഎസ്എല്‍ വിവാദ ഗോളില്‍ പ്രതികരിച്ച് ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രി. താന്‍ നേടിയ ഗോള്‍ നിയമപ്രകാരം തന്നെയാണെന്നാണ് ഛേത്രി വാദിക്കുന്നത്. ഛേത്രി നേടിയ ഗോളിന് നിയമസാധുതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ 13.3 നിയമപ്രകാരം അതിവേഗ ഫ്രീ കിക്ക് അനുവദനീയമാണെന്നും ഇക്കാര്യം ഛേത്രി റഫറിയെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
'ഞങ്ങള്‍ക്ക് ഫ്രീ കിക്ക് ലഭിച്ചു. അപ്പോള്‍ തന്നെ ഞാന്‍ റഫറിയോട് പറഞ്ഞു വിസിലിന്റെ ആവശ്യമില്ല, വാള്‍ (പ്രതിരോധ മതില്‍) പോലും വേണ്ട. ഞാന്‍ അതിവേഗ ഫ്രീ കിക്കാണ് എടുക്കുന്നത്. 'ഉറപ്പാണോ' എന്ന് റഫറി എന്നോട് ചോദിച്ചു. 'അതെ' എന്ന് ഞാനും പറഞ്ഞു. വിസിലോ വാളോ വേണ്ടെന്ന് ഞാന്‍ ആവര്‍ത്തിച്ചു. 'ഉറപ്പല്ലേ' എന്ന് റഫറി വീണ്ടും ചോദിച്ചു. 'അതെ' എന്ന് മറുപടി നല്‍കിയ ശേഷമാണ് ഞാന്‍ ആ കിക്ക് എടുത്തത്,' ഛേത്രി പറഞ്ഞു.
 
' പന്തിന്റെ വലതുഭാഗത്ത് ലൂണ നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ ആദ്യശ്രമം ലൂണ തടുക്കുന്നത് കാണാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ലൂണ മനസ്സിലാക്കിയെന്ന് ഞാന്‍ കണക്കുകൂട്ടി. ലൂണ വീണ്ടും തിരിഞ്ഞു. എന്നെ വീണ്ടും ബ്ലോക്ക് ചെയ്തു. എനിക്ക് സ്ഥലം ഇല്ലായിരുന്നു. ചെറിയൊരു വിടവ് കണ്ടപ്പോള്‍ ഞാന്‍ ഷോട്ട് എടുത്തു. ഇങ്ങനെയൊരു ഷോട്ട് എടുത്ത് അത് ആരെങ്കിലും ബ്ലോക്ക് ചെയ്താല്‍ ചിലപ്പോള്‍ വീണ്ടും ഒരു ഫ്രീ കിക്കിനുള്ള അവസരം അവിടെ വീണ്ടും ലഭിക്കും. അതൊരു മികച്ച നീക്കമാണ്,' ഛേത്രി പറഞ്ഞു. 
 
പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി മത്സരത്തിനിടെയാണ് വിവാദ ഗോള്‍ പിറന്നത്. അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തില്‍ 97-ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെയാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീ കിക്കിനായി അണിനിരക്കുന്ന സമയത്ത് ഛേത്രി ക്വിക്ക് ഫ്രീ കിക്ക് എടുക്കുകയായിരുന്നു. ഇത് കൃത്യമായി പോസ്റ്റില്‍ ചെന്നുപതിച്ചു. 
 
ഛേത്രിയുടെ ഗോളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി ഗോള്‍ അനുവദിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രതിരോധ താരങ്ങളെ ഫ്രീ കിക്കിനായി അണിനിരത്താന്‍ പോയ സമയത്താണ് ഛേത്രിയുടെ വിവാദ ഗോള്‍. അതിവേഗ ഫ്രീ കിക്കിന് അനുവാദം നല്‍കിയിരുന്നെന്ന് റഫറിയും ഇല്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളും വാദിച്ചു. ഇതോടെ കണ്ടീരവ സ്റ്റേഡിയത്തില്‍ വാക്കേറ്റമായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളെ മടക്കിവിളിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് മടങ്ങി വരാന്‍ സമയം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ മാച്ച് റഫറി ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍