ലയണല്‍ മെസ്സി- ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എന്നീ 2 പേര്‍ ഫുട്‌ബോള്‍ ലോകം അടക്കിഭരിക്കാന്‍ തുടങ്ങി 15 വര്‍ഷക്കാലത്തിന് മുകളിലായിരിക്കുന്നു. ഒട്ടേറെ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇരുവരും കരിയറിന്റെ അവസാനഘട്ടത്തിലാണ്. 2026ലെ ലോകകപ്പിലാകും ഇരു താരങ്ങളും അവസാനമായി ബൂട്ട് കെട്ടുകയെന്നാണ് ആരാധകരും കരുതുന്നത്. എന്നാല്‍ 40 വയസായിട്ടും ഇപ്പോഴും ശാരീരിക ക്ഷമതയില്‍ അത്ഭുതപ്പെടുത്തുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ വൂപ് നടത്തിയ പഠനത്തില്‍ താരത്തിന്റെ ഫിറ്റ്‌നസ് 28കാരന്റേതിന് സമാനമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പഠനവിവരം പുറത്തുവന്നതോടെ തനിക്ക് 10 വര്‍ഷം കൂടി ഫുട്‌ബോള്‍ കളിക്കാനാകുമെന്നാണ് റൊണാള്‍ഡൊ പ്രതികരിച്ചത്. ഹൃദയമിടിപ്പ് മുതല്‍ മറ്റ് ശാരീരികമായ നിലവാരങ്ങളും അപഗ്രഥിച്ചാണ് വൂപ്പിന്റെ ഫിറ്റ്‌നസ് ഫലം. വൂപ്പിന്റെ പോഡ്കാസ്റ്റില്‍ റൊണാല്‍ഡൊ തന്നെ അത്ഭുതം പ്രകടിപ്പിച്ചു. ഇത്രയും കായികക്ഷമതയുള്ളതാണ് തന്റേതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് റൊണാള്‍ഡൊ പറഞ്ഞത്. റിസള്‍ട്ട് പ്രകാരം 28 വയസും 9 മാസവുമുള്ള ഒരു വ്യക്തിയുടെ കായികക്ഷമതയ്ക്ക് സമാനമാണ് 40കാരന്‍ റോണോയുടെ കായികക്ഷമത. അപ്പോള്‍ ഒരു 10 വര്‍ഷം കൂടെ ഫുട്‌ബോള്‍ കളിക്കാമല്ലോ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.