ഒക്ടോബറില്‍ മെസ്സി കേരളത്തിലേക്കില്ല?, അര്‍ജന്റീന ആ സമയത്ത് അങ്ങ് ചൈനയില്‍

അഭിറാം മനോഹർ

വെള്ളി, 16 മെയ് 2025 (14:54 IST)
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉടന്‍ കേരളത്തിലേക്കില്ല. ഈ വര്‍ഷത്തെ അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളുടെ ഫിക്‌സ്ചര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതില്‍ എവിടെയും അര്‍ജന്റീനയ്ക്ക് ഇന്ത്യയില്‍ മത്സരങ്ങളില്ല. കേരളത്തില്‍ മെസ്സിയും സംഘവും എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബറില്‍ ചൈനയിലാണ് അര്‍ജന്റീന കളിക്കുക. 2 മത്സരങ്ങള്‍ അര്‍ജന്റീന ചൈനയില്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും.
 
 നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയില്‍ അംഗോളയേയും ഖത്തറില്‍ അമേരിക്കയെയുമാകും അര്‍ജന്റീന നേരിടുക. ഈ വര്‍ഷം സെപ്റ്റംബറോടെയാണ് ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കുക. തുടര്‍ന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ റ്റീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്.
 
 ഒക്ടോബറില്‍ മെസ്സിയും സംഘവും കേരളത്തിലെത്തുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തില്‍ പ്രതികരണം നടത്താറില്ലായിരുന്നു. ഇതിന് മുന്‍പ് 2011ലാണ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസ്സിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. 2022ലെ ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷമാണ് കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍