പൊതുവെ കളിക്കളത്തില്‍ വളരെ ശാന്തനായി കാണപ്പെടുന്ന താരമാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. ഇങ്ങോട്ട് ആരെങ്കിലും പ്രകോപിപ്പിച്ചാല്‍ പോരും ഒരു ചിരി കൊണ്ട് മറുപടി കൊടുക്കുകയാണ് മെസിയുടെ പതിവ്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മെസിയുടെ വ്യത്യസ്തമായ മുഖമാണ് ആരാധകര്‍ കണ്ടത്. പതിവിലും വിപരീതമായി എതിരാളികളെ ആക്രമിക്കാന്‍ രണ്ടും കല്‍പ്പിച്ച് നില്‍ക്കുന്ന മെസിയെയാണ് മത്സരശേഷവും കാണാന്‍ കഴിഞ്ഞത്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നെതര്‍ലന്‍ഡ്‌സ് - അര്‍ജന്റീന മത്സരം പലപ്പോഴും കയ്യാങ്കളിയുടെ വക്ക് വരെ എത്തിയിരുന്നു. മത്സരശേഷവും താരങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിച്ചു. മത്സരശേഷം അര്‍ജന്റൈന്‍ പ്രാദേശിക മാധ്യമത്തോട് മെസി സംസാരിച്ചുകൊണ്ടിരിക്കെ ഡച്ച് താരത്തോട് കുപിതനായ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.