മൈതാനത്തിന് പുറത്തും കട്ടകലിപ്പിൽ മെസ്സി, ഡച്ച് താരത്തെ പിടിച്ചുമാറ്റാൻ അഗ്യൂറോയും: മെസ്സി ഈ സൈസ് എടുക്കാത്തതാണല്ലോ എന്ന് ആരാധകർ

ശനി, 10 ഡിസം‌ബര്‍ 2022 (14:27 IST)
ആവേശം 120 മിനിട്ട് നീണ്ട് പെനാൽട്ടി ഷൂട്ടൗട്ടിലെത്തിയ അർജൻ്റീന- നെതർലൻഡ്സ് പോരാട്ടത്തിനൊടുവിലും രോഷപ്രകടനം നടത്തി അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. മത്സരത്തിന് മുൻപെ മെസ്സിക്ക് പന്ത് കാലിൽ കിട്ടിയില്ലെങ്കിൽ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ ഡച്ച് പരിശീലകൻ വാൻ ഗോൾ ഇരിക്കുന്ന ഡഗൗട്ടിന് മുൻപ് ഇരുകൈയ്യും ചെവിയിൽ ചേർത്ത് നിർത്തികൊണ്ടായിരുന്നു മെസ്സിയുടെ ആഹ്ലാദപ്രകടനം. അവിടം കൊണ്ടും നിർത്താതെ സഹപരിശീലകന്‍ എഡ്ഗാര്‍ ഡേവിഡ്സിനോടും മെസി എന്തോ പറയുകയും ചെയ്തു.
 
മത്സരശേഷം നടന്ന അഭിമുഖത്തിലും ആരാധകർ സ്ഥിരമായി കാണുന്ന പുഞ്ചിരി തൂകുന്ന മെസ്സിയെയല്ല കാണാനായത്. പകരക്കാരനായി ഇറങ്ങിയത് മുതൽ അര്‍ജന്‍റീനന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വെഗ്ഹോഴ്സ്റ്റിനെ മികസ്ഡ് സോണിൽ കണ്ടതോടെ എന്നെ നോക്കി നിൽക്കാതെ പോയി നിൻ്റെ പണി നോക്ക് വിഡ്ഡി എന്നായിരുന്നു മെസ്സിയുടെ കമൻ്റ്.
 
രംഗം തണുപ്പിക്കാൻ മുൻ താരമായ അഗ്യൂറോ ഡച്ച് താരത്തിനരികെ പോകുന്നതും മെസ്സിയുടെ അടുത്തേക്ക് പോകരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തൻ്റെ അഭിമുഖത്തിനിടെ ഡച്ച് പരിശീലകനെതിരെയും കളിക്കാര്‍ക്കെതിരെയും മെസി തുറന്നടിച്ചു. ചില ഡച്ച് കളിക്കാരും കോച്ചും മത്സരത്തിന് മുമ്പും മത്സരത്തിനിടെയും അനാവശ്യ വാക്കുകൾ ഉപയോഗിച്ചെന്നും സുന്ദരമായ ഫുട്ബോൾ കളിക്കുമെന്ന് വീമ്പ് പറഞ്ഞ വാൻ ഗാൾ ഉയരം കൂടിയ കളിക്കാരെ ഇറക്കി ബോക്സിലേക്ക് ലോംഗ് പാസ് നൽകാനാണ് ശ്രമിച്ചതെന്നും മെസ്സി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍