ഖത്തറില്‍ മിശിഹായ്ക്ക് സ്വര്‍ഗാരോഹണം !

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (13:08 IST)
Nelvin Wilson / nelvin.wilson@webdunia.net

ഉയിര്‍പ്പിക്കപ്പെട്ട മിശിഹ പൂര്‍ണനാക്കപ്പെടുന്നത് സ്വര്‍ഗാരോഹണത്തിലൂടെയാണ്. ഉത്ഥിനായ മിശിഹായ്ക്ക് പിന്നെയും ദൗത്യങ്ങളുണ്ടായിരുന്നു. തന്റെ സുവിശേഷം ലോകമെങ്ങും പോയി പ്രസംഗിക്കാന്‍ മിശിഹ തന്റെ ശിഷ്യന്‍മാരെ ദൗത്യപ്പെടുത്തിയത് ഉത്ഥാനത്തിനു ശേഷമാണ്. തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ മിശിഹ സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തതായാണ് മിത്ത്. 
 
കാല്‍പ്പന്ത് പോലെ ഉരുണ്ട് കിടക്കുന്ന ഈ ലോകത്തെ സാക്ഷിയാക്കി ലയണല്‍ ആന്ദ്രേ മെസിയും സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തു. ഖത്തറില്‍ അയാള്‍ പരിപൂര്‍ണനാക്കപ്പെട്ടു. സ്വപ്‌ന സമാനമായ കരിയറില്‍ ഇനിയൊന്നും നേടിയെടുക്കാനില്ലെന്ന് സ്വയം ബോധ്യപ്പെടുത്തി. അവഹേളനങ്ങളേയും പരിഹാസങ്ങളേയും അതിജീവിച്ചവന്‍, കിരീട നഷ്ടങ്ങള്‍ക്ക് മുന്നില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ വിങ്ങി പൊട്ടിയവന്‍, മാറക്കാനയില്‍ കോപ്പയില്‍ മുത്തമിട്ട് ഉയിര്‍പ്പിക്കപ്പെട്ടവന്‍, ഒടുവില്‍ ഇതാ ഖത്തറില്‍ പരിപൂര്‍ണനാക്കപ്പെട്ടിരിക്കുന്നു. തങ്ക മേലങ്കി ധരിച്ച് ഒരു രാജാവിനെ പോലെ അയാള്‍ സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്നു. ഈ സുന്ദര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച നാം എത്ര ഭാഗ്യം ചെയ്തവര്‍..! 
 
'രാജ്യത്തിനു വേണ്ടി കളിക്കാത്തവന്‍' എന്ന പഴി ഒരുപാട് കേട്ടിട്ടുണ്ട്. ബാഴ്‌സലോണയിലെ മെസിയുടെ നിഴല്‍ പോലും അര്‍ജന്റീനയില്‍ എത്തുമ്പോള്‍ കാണാനില്ലെന്ന് അടക്കം പറഞ്ഞ കടുത്ത അര്‍ജന്റൈന്‍ ആരാധകര്‍ പോലും ഉണ്ട്. ചോദ്യം ചെയ്യപ്പെട്ടത് മെസിയുടെ രാജ്യത്തോടുള്ള ആത്മാര്‍ഥതയാണ്. അവിടെ നിന്നാണ് 'മെസിയെന്നാല്‍ അര്‍ജന്റീന, അര്‍ജന്റീനയെന്നാല്‍ മെസി' എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയത്. 
 
തുടര്‍ച്ചയായി മൂന്ന് ബിഗ് ടൂര്‍ണമെന്റ് ഫൈനലുകളിലാണ് മെസിക്ക് കീഴില്‍ അര്‍ജന്റീന തോറ്റത്. 2014 ലോകകപ്പ്, അതിനുശേഷം നടന്ന രണ്ട് കോപ്പ അമേരിക്ക ! മൂന്ന് ഫൈനല്‍ വേദികളിലും കരഞ്ഞു കലങ്ങിയ കണ്ണുമായി മെസി നിന്നു. 2014 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട താരം ലയണല്‍ മെസിയാണ്. ഗോള്‍ഡന്‍ ബോളുമായി തലകുനിച്ച് നില്‍ക്കുന്ന മെസി ഇന്നും വേദനിപ്പിക്കുന്ന കാഴ്ചയാണ്. 

 
പരിഹാസങ്ങള്‍ക്കും ചാട്ടവാറടികള്‍ക്കും കുരിശുമരണത്തിനും ശേഷം ഒരു ഉത്ഥാനമുണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പ്രത്യേകിച്ച് മെസിയെ പോലൊരു താരത്തിന്റെ കരിയറില്‍. ഒടുവില്‍ മാറക്കാനയില്‍ വെച്ച് അയാള്‍ ഉയിര്‍പ്പിക്കപ്പെട്ടു ! ചിരവൈരികളായ ബ്രസീലിനെ കോപ്പ അമേരിക്ക ഫൈനലില്‍ തകര്‍ത്ത് അര്‍ജന്റീനയുടെ കപ്പിത്താന്‍ സന്തോഷത്താല്‍ മുഖമടക്കിപിടിച്ച് കരഞ്ഞു. വെംബ്ലിയില്‍ യൂറോ ചാംപ്യന്‍മാരെ തകര്‍ത്ത് ഫൈനലിസിമ കിരീടം ചൂടി. ഒടുവില്‍ ഇതാ കാലത്തിന്റെ പൂര്‍ത്തീകരണം...2014 ല്‍ തലകുനിച്ച് ഗോള്‍ഡന്‍ ബോള്‍ വാങ്ങിയ മെസി 2022 ല്‍ ഗോള്‍ഡന്‍ ബോള്‍ വാങ്ങാനെത്തിയപ്പോള്‍ മുഖം സൂര്യനെ പോലെ ജ്വലിക്കുന്നു. ലോകകപ്പിനേക്കാള്‍ തിളക്കമുണ്ട് അര്‍ജന്റൈന്‍ നായകന്റെ ചിരിക്ക്. ഗോള്‍ഡന്‍ ബോള്‍ വാങ്ങിയ ശേഷം ലോകകപ്പിലൊരു മുത്തം ! തുടര്‍ച്ചയായി മൂന്ന് ഫൈനലുകള്‍ തോറ്റിടത്തുനിന്ന് തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടി മെസിയും കൂട്ടാളികളും ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്നു. 
 
ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകര്‍ ഇനി അവന്റെ സുവിശേഷം പാടിനടക്കും. 'ഞങ്ങള്‍ക്കൊരു മിശിഹ ഉണ്ടായിരുന്നു... ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകിയ മിശിഹ... കാല്‍പ്പന്ത് കൊണ്ട് മായാജാലം തീര്‍ത്തവന്‍... ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും വാര്‍ധക്യത്തിലും ഞങ്ങളെ ത്രസിപ്പിച്ചവന്‍...' 

മെസി ലോകകപ്പ് വിജയം ആഘോഷിച്ച നിമിഷം കൂടി വിവരിക്കാതെ ഇത് പൂര്‍ത്തിയാകില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി നാലാമത്തെ കിക്ക് എടുക്കുന്നത് ഗോണ്‍സാലോ മോണ്ടിയല്‍ ആണ്. ഈ കിക്ക് ലക്ഷ്യത്തിലെത്തിയാല്‍ അര്‍ജന്റീന ലോകകിരീടത്തിനു അവകാശികളാകും. ലൗട്ടാറോ മാര്‍ട്ടിനെസിനും നിക്കോളാസ് ഒറ്റമെന്‍ഡിക്കും നടുവില്‍ മെസി നില്‍പ്പുണ്ട്. മോണ്ടിയലിന്റെ കിക്ക് ലക്ഷ്യം കാണുന്നതും ഒറ്റമെന്‍ഡിയും മാര്‍ട്ടിനെസും അടക്കമുള്ള താരങ്ങള്‍ വിജയം ആഘോഷിക്കാന്‍ മോണ്ടിയലിന്റെ അടുത്തേക്ക് ഓടി. മെസി ഒറ്റയ്ക്കായി. കൈകള്‍ രണ്ടും വിരിച്ചുപിടിച്ച് അയാള്‍ മൈതാനത്ത് മുട്ടുകുത്തി... ഒരു മിശിഹാ രൂപം പോലെ ! സന്തോഷം കൊണ്ട് ആര്‍ത്തലച്ച് കരഞ്ഞു. പ്രിയപ്പെട്ട നായകന്റെ അരികിലേക്ക് ആദ്യം പരേഡസ് ഓടിയെത്തി, പിന്നാലെ അക്യുന, ഒറ്റമെന്‍ഡി... അങ്ങനെ മിശിഹായ്ക്ക് ചുറ്റിലും പ്രിയപ്പെട്ട ശിഷ്യന്‍മാര്‍ ചേര്‍ന്നിരിക്കുന്നതുപോലെ മെസിക്ക് ചുറ്റും അവന്റെ അനുചരന്‍മാര്‍. ഈ മിശിഹാ ചരിത്രം ഇവിടെ പൂര്‍ണമാക്കപ്പെടുന്നു !
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article