ഒരു കിലോമീറ്റര്‍ നീന്തിയെത്തിയ ആരാധകന്‍ മെസിയുടെ ജ്യൂസില്‍ മയങ്ങിപ്പോയി

Webdunia
ചൊവ്വ, 19 ജൂലൈ 2016 (20:49 IST)
ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയോടുള്ള കടുത്ത ആരാധമൂലം ഒരു കിലോമീറ്റര്‍ കടലിലൂടെ നീന്തി താരത്തിനെ കാണാനെത്തിയ യുവാവിനൊപ്പം സമയം ചെലവഴിച്ച് ഫുട്‌ബോളിന്റെ മിശിഹ. ഇരുപത്തിനാലുകാരനായ സുലിക്കാണ് മെസിക്കൊപ്പം ജ്യൂസ് കുടിക്കാനും ഫോട്ടോകള്‍ എടുക്കാനും ഭാഗ്യം ലഭിച്ചത്.

മെഡിറ്റേറിയനിലെ ഇബിസയില്‍ കുടുംബത്തിനൊപ്പം ഒഴിവുകാലം ആസ്വദിക്കുകയായിരുന്നു മെസി. ഈ സമയം തന്നെയാണ് സുലിക്കും കുടുംബവും പായ്‌ക്കപ്പലില്‍ യാത്ര ചെയ്‌തിരുന്നത്. അതിനിടെ ദൂരെയുള്ള പായ്‌ക്കപ്പലില്‍ മെസിയാണുള്ളതെന്ന് മനസിലാക്കിയ സുലിക്ക് ഒരു കിലോ മീറ്റര്‍ നീന്താന്‍ തീരുമാനിക്കുകയായിരുന്നു.

അകലെ നിന്നും ഒരാള്‍ നീന്തിയെത്തുന്നത് ശ്രദ്ധയില്‍ പെട്ട മെസിക്ക് ആദ്യം ആശങ്കയുണ്ടായെങ്കിലും പായ്‌ക്കപ്പലിന് അടുത്തെത്തിയത് മെസിയെ കാണുന്നതിനാണെന്ന് അറിയിച്ചതോടെ തന്റെ ആരാധകനെ മെസി പായ്‌ക്കപ്പലില്‍ കയറ്റുകയും കുടിക്കാന്‍ ജ്യൂസ് നല്‍കുകയുമായിരുന്നു.

സെല്‍‌ഫിയെടുക്കുക എന്ന ആഗ്രഹത്തോടെയാണ് ഇത്രയും ദൂരം നീന്തിയെത്തിയതെന്ന് സുലിക്ക് വ്യക്തമാക്കി. കൈയില്‍ കരുതിയിരുന്ന ഫോണില്‍ വെള്ളം കയറി പ്രവര്‍ത്തന രഹിതമായതിനേത്തുടര്‍ന്ന് കപ്പല്‍ ജീവനക്കാരോട് മെസി ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മെസിക്കൊപ്പം സുലിക്ക് നില്‍ക്കുന്ന നിരവധി ചിത്രങ്ങളും ജീവനക്കാര്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം സുലിക്ക് അയച്ചു കൊടുക്കുകയും ചെയ്‌തു.
 
Next Article