Messi: കായികലോകത്തിൻ്റെ നെറുകെയിൽ ലയണൽ മെസ്സി, രണ്ടാം തവണയും ലോറസ് പുരസ്കാരം, മികച്ച ടീമായി അർജൻ്റീന

Webdunia
ചൊവ്വ, 9 മെയ് 2023 (12:32 IST)
2022ലെ മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്കാരം സ്വന്തമാക്കി അർജൻ്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ലോകത്തെ ഏറ്റവും മികച്ച പുരുഷകായികതാരത്തിനുള്ള പുരസ്കാരമാണ് മെസ്സി സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് മെസ്സിയെ തേടി പുരസ്കാരമെത്തുന്നത്. നേരത്തെ 2020ലും താരം പുരസ്കാരം സ്വന്തമാക്കിയിരുന്നു. 
 
35കാരനായ ലയണൽ മെസ്സി അർജൻ്റീനയ്ക്ക് ലോകകപ്പ് നേടാനായി അത്ഭുതകരമായ പ്രകടനമാണ് ഖത്തറിൽ പുറത്തെടുത്തത്. ടൂർണമെൻ്റിൽ 7 ഗോളുകളും 3 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. കിലിയൻ എംബപ്പെ,റാഫേൽ നദാൽ,മാക്സ് വെസ്റ്റപ്പൻ എന്നിവരെ മറികടന്നാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്. ലോറസ് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോളറും 2 തവണ ലോറസ് പുരസ്കാരം സ്വന്തമാക്കുന്ന ഏക ഫുട്ബോളറും ലയണൽ മെസ്സിയാണ്. ജമൈക്കയുടെ ഓട്ടക്കാരി ഷെല്ലി ആൻ ഫ്രേസറാണ് മികച്ച വനിതാ കായിക താരം. 36 കാരിയായ ആൻ ഫ്രേസർ ലോക ചാമ്പ്യൻഷിപ്പിൻ്റെ വ്യക്തിഗത ഇനത്തിൽ അഞ്ച് സ്വർണം നേടുന്ന ആദ്യ താരമായതിന് പിന്നാലെയാണ് നേട്ടം.
 
2022ലെ മികച്ച ടീമായി 2022 ലോകകപ്പ് നേടിയ അർജൻ്റീനയെയാണ് തെരെഞ്ഞെടുത്തത്. ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ സ്പെയിനിൻ്റെ കാർലോസ് അൽക്കാരസ് മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ഡെന്മാർക്കിൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യൻ എറിക്സൺ സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article