ലയണല്‍ മെസിയെ പി.എസ്.ജി. സസ്‌പെന്‍ഡ് ചെയ്തത് വിവാദമാകുന്നു. സൗദി ക്ലബിലേക്ക് കൂടുമാറാന്‍ വേണ്ടിയാണ് മെസി ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് വിവരം. ക്ലബിന്റെ അനുവാദമില്ലാതെ മെസി സൗദി അറേബ്യ സന്ദര്‍ശിച്ചതാണ് സസ്‌പെന്‍ഷന് കാരണം. രണ്ടാഴ്ചത്തേക്കാണ് താരത്തിനു സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല.
സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയിലാണ് രാജ്യ സന്ദര്‍ശനത്തിനായി മെസിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ക്ലബിന്റെ അനുമതിയില്ലാതെ മെസിയും കുടുംബവും സൗദി സന്ദര്‍ശനം നടത്തുകയായിരുന്നു.
സൗദി സന്ദര്‍ശനത്തില്‍ മെസി അവിടെയുള്ള ക്ലബുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൊണാള്‍ഡോ സൗദിയിലെ അല്‍ നാസര്‍ ക്ലബില്‍ എത്തിയതിനു പിന്നാലെ മെസി അല്‍ ഹിലാലിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, പി.എസ്.ജിയുമായുള്ള കരാര്‍ മെസി നീട്ടാത്തതും സംശയങ്ങള്‍ ബലപ്പെടുത്തുന്നു.