രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗം തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കൊടുമണ്‍ പോറ്റിയെന്ന വില്ലന്‍ വേഷത്തില്‍ മമ്മൂട്ടി വിസ്മയിപ്പിച്ചു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരുടെ പ്രകടനങ്ങളും കൈയടി വാരിക്കൂട്ടുന്നു. അതിനിടയിലാണ് ഭ്രമയുഗത്തിലെ വേഷം വേണ്ടെന്നുവച്ച ആസിഫ് അലിയുടെ നിര്‍ഭാഗ്യത്തെ പഴിച്ച് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച തേവന്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ആസിഫ് അലിയെയാണ്. ആദ്യം ഡേറ്റ് നല്‍കിയെങ്കിലും പിന്നീട് മറ്റു സിനിമകളുമായി ക്ലാഷ് ആയപ്പോള്‍ ആസിഫ് ഭ്രമയുഗം വേണ്ടെന്നുവച്ചു. ഭ്രമയുഗത്തിന്റെ ഷൂട്ടിങ് നീട്ടിയപ്പോള്‍ നേരത്തെ കമ്മിറ്റ് ചെയ്ത ഏതാനും സിനിമകളുടെ ഡേറ്റുമായി ക്ലാഷ് ആകുകയായിരുന്നു. അങ്ങനെയാണ് ആസിഫ് ഭ്രമയുഗത്തോട് നോ പറയുന്നതും പകരം അര്‍ജുന്‍ അശോകന്‍ ചിത്രത്തിലേക്ക് എത്തിയതും.
ഭ്രമയുഗത്തില്‍ നിന്ന് പിന്മാറി കാസര്‍ഗോള്‍ഡ്, ഒറ്റ, എ രഞ്ജിത്ത് സിനിമ എന്നീ പ്രൊജക്ടുകളാണ് ആസിഫ് അലി ചെയ്തത്. മൂന്നും തിയറ്ററുകളില്‍ പരാജയപ്പെട്ടു. ഭ്രമയുഗം നഷ്ടപ്പെടുത്തിയത് ആസിഫ് അലിയുടെ കരിയറിലെ തീരാനഷ്ടമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
'ഭൂതകാലത്തിന്റെ സംവിധായകന്‍ ചെയ്യുന്ന പുതിയ ചിത്രം, ഭ്രമയുഗത്തില്‍ ഞാനാണ് ഒരു കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. പക്ഷേ അതിന്റെ ഡേറ്റ് നീട്ടിയപ്പോള്‍ എന്റെ ഡേറ്റുമായി ചേരാതെ വന്നു. പക്ഷേ ആ സിനിമ ചെയ്യാനുള്ള മമ്മൂക്കയുടെ തീരുമാനം അവിശ്വസനീയമാണ്. കാരണം ഒരിക്കലും ആ സിനിമ മമ്മൂക്ക ചെയ്യുമെന്ന് ഞാന്‍ ഓര്‍ത്തില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓര്‍ഡിനറി സിനിമയാണ് അത്. അര്‍ജുന്‍ അശോകന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്,' ഭ്രമയുഗത്തെ കുറിച്ച് ആസിഫ് അലി നേരത്തെ പറഞ്ഞത്.