മലയാളി പ്രേക്ഷകര്‍ മാത്രമല്ല സിനിമാ താരങ്ങള്‍ പോലും മമ്മൂട്ടിയെ വാഴ്ത്താന്‍ മത്സരിക്കുകയാണ്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി അതിശയിപ്പിച്ചെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മുതല്‍ മുതിര്‍ന്ന താരം ഹരിശ്രീ അശോകന്‍ വരെ ആ പട്ടികയിലുണ്ട്.
ആദ്യ ഷോയ്ക്ക് ശേഷം എങ്ങുനിന്നും മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഭ്രമയുഗത്തിലെ തന്റെ ചിത്രം പങ്കുവെച്ചു. കൊടുമണ്‍ പോറ്റിയുടെ ചിത്രത്തിനു താഴെ മുത്തവുമായി എത്തി മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇതുപോലൊരു കഥാപാത്രം ചെയ്തതിനു മമ്മൂക്കയെ സമ്മതിക്കണമെന്നും മറ്റാര്‍ക്കും കൊടുമണ്‍ പോറ്റിയെ ഇത്ര ഗംഭീരമാക്കാന്‍ കഴിയില്ലെന്നും ആദ്യ ഷോ കണ്ട ശേഷം ഹരിശ്രീ അശോകന്‍ പ്രതികരിച്ചു.
നടി നസ്രിയ നസീം, നടന്‍ ബിജുക്കുട്ടന്‍ എന്നിവര്‍ കൊടുമണ്‍ പോറ്റിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഏറ്റവും മികച്ചത്..അതില്‍ രണ്ട് അഭിപ്രായമില്ല' എന്ന കുറിപ്പോടെയാണ് നടന്‍ അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കൊടുമണ്‍ പോറ്റിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൊടുംകാട്ടില്‍ മദയാന അലയും പോലൊരു പ്രകടനമാണ് ഭ്രമയുഗത്തിലെ മമ്മൂട്ടിയുടേതെന്ന് തമിഴ് സംവിധായകന്‍ വസന്ത ബാലന്‍ പറഞ്ഞു.