അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 2 മെയ് 2025 (13:57 IST)
അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേതെന്ന് റിപ്പോര്‍ട്ട്. ഇത്തവണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം കാരണമാണ് മഴ ലഭിച്ചത്. കഴിഞ്ഞവര്‍ഷമായിരുന്നു ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷം. 
 
മുന്‍വശങ്ങളെ അപേക്ഷിച്ച് താപനിലയിലും ഇത്തവണ കുറവുണ്ട്. മാര്‍ച്ച് ,ഏപ്രില്‍ മാസത്തില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതിനുമുകളില്‍ രേഖപ്പെടുത്തിയിരുന്നു. അതേസമയം ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
അതേസമയം പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില 37°C വരെയും കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍