ചൈനയുമായി കരാര്‍ ധാരണയിലെത്തിയില്ലെങ്കില്‍ ചൈനയ്ക്ക് മുകളില്‍ 155 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നിലവില്‍ 55 ശതമാനം താരിഫാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മുകളില്‍ അമേരിക്ക ചുമത്തുന്നത്.
വൈറ്റ് ഹൗസില്‍ ഓസ്‌ട്രേലിയയുമായി ക്രിറ്റിക്കല്‍ മിനറല്‍സ് കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ചൈനയുടെ ഖനന, ടെക് മേഖലകളിലെ ആധിപത്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കരാര്‍. നേരത്തെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ഒന്നിന് മുന്‍പായി എല്ലാ സോഫ്റ്റ് വെയറുകളുടെയും കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ട്രംപ് പ്രഖ്യാപിച്ച 155 ശതമാനം താരിഫ് നിലവില്‍ വരുന്നത് ആഗോള വളര്‍ച്ചയ്ക്ക് ദീര്‍ഘകാല ആഘാതമുണ്ടാക്കുമെന്ന് ലോക വ്യാപാര സംഘടന ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു.