ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അഭിറാം മനോഹർ

ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (08:26 IST)
അമേരിക്കയിലെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതാണ് ഷട്ട്ഡൗണ്‍ നീളാന്‍ കാരണം. ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ പരാജയപ്പെടുന്നത്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെയാണ് പ്രതിസന്ധി ബാധിക്കുന്നത്.
 
അവസാനമായി അവതരിപ്പിച്ച ധനാനുമതി ബില്‍ 50-43 എന്ന നിലയിലാണ് സെനറ്റില്‍ പരാജയപ്പെട്ടത്. ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യപദ്ധതിയുടെ നികുതി ഇളവുകള്‍ ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളുടെ കാലാവധി നവംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്. ഈ തീയതിക്ക് മുന്‍പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. എന്നാല്‍ പുതിയ ചിലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ട് വെയ്ക്കുന്നത്.
 
 അധികാരമേറ്റെടുത്ത ശേഷം സര്‍ക്കാര്‍ ചെലവുകളും ഫെഡറല്‍ ജോലികളും ട്രംപ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ധട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമെന്ന് ട്രംപ് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍