Mammootty: 'രാക്ഷസ നടികര്‍' വെറും വാക്കല്ല, പട്ടേലര്‍ മുതല്‍ കൊടുമണ്‍ പോറ്റി വരെ; ഞാന്‍ കണ്ട മമ്മൂട്ടി

Nelvin Gok

വ്യാഴം, 15 ഫെബ്രുവരി 2024 (19:29 IST)
Mammootty (Bramayugam)

Nelvin Gok / [email protected]
Mammootty: മമ്മൂട്ടിയുടെ പലവിധ ചിരികള്‍ കോര്‍ത്തിണക്കിയ ഒരു റീല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ചിരികള്‍ പലവിധം' എന്ന അടിക്കുറിപ്പോടെ അത് പോസ്റ്റ് ചെയ്തപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ രസകരമായ മറുപടി ഇങ്ങനെയാണ്, 'ഇത് കൊള്ളാം, പക്ഷേ ചിരി നല്ലത് ലാലേട്ടന്റെ തന്നെ' ഉള്ളിലെ കടുത്ത മമ്മൂട്ടി ആരാധകന് അതു സഹിക്കാന്‍ പറ്റിയില്ല..! 'മലയാളികള്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന ചിരി ലാലിന്റെ തന്നെ, മമ്മൂട്ടി ചിരികള്‍ എല്ലാം അതാത് കഥാപാത്രങ്ങളുടെ ചിരിയാണ്' എന്നാണ് ഞാന്‍ മറുപടി കൊടുത്തത്. ഒരു മോഹന്‍ലാല്‍ ആരാധികയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറഞ്ഞതാണെങ്കിലും സ്‌ക്രീനില്‍ കാണുന്ന ഓരോ മമ്മൂട്ടി ചിരിക്കും കഥാപാത്രങ്ങളുടെ ശൂരുണ്ട്, ആകൃതിയുണ്ട്. കാരണം അയാള്‍ അടിമുടി കഥാപാത്രങ്ങള്‍ക്കു വേണ്ടി തപം ചെയ്യുന്ന നടനാണ്. 
 
മലയാളത്തിലെ എണ്ണം പറഞ്ഞ പത്ത് ആന്റഗോണിസ്റ്റ് കഥാപാത്രങ്ങള്‍ എടുത്താല്‍ അതില്‍ ഉറപ്പായും മമ്മൂട്ടിയുടെ ഭാസ്‌കര പട്ടേലരും (വിധേയന്‍) മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയും (പാലേരിമാണിക്യം) ഉണ്ടാകും, ഇന്നലെ വരെ ! എന്തിനേയും ഏതിനേയും അധികാരം കൊണ്ടും കൈയൂക്കുകൊണ്ടും വെട്ടിപ്പിടിച്ചെടുക്കുന്ന പട്ടേലരും അഹമ്മദ് ഹാജിയും ഇന്നുമുതല്‍ ആന്റഗോണിസ്റ്റ് കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്ന ബസിലെ പിന്‍സീറ്റ് യാത്രക്കാരാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗ'ത്തിലെ കൊടുമണ്‍ പോറ്റി ഏറ്റവും മുന്നിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കേണ്ടി വരുന്നത് പോലും അല്‍പ്പം റിസ്‌ക്കുള്ള പരിപാടിയാണ് !  

Bramayugam
 
സിനിമാ ലോകവും ആരാധകരും ചേര്‍ന്ന് മമ്മൂട്ടിക്ക് നല്‍കിയ 'രാക്ഷസ നടികര്‍' വിശേഷണം ഇപ്പോഴാണ് നൂറ് ശതമാനം അതിനോടു നീതി പുലര്‍ത്തിയത്. തന്റെ മനയ്ക്കലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ തേവനു (അര്‍ജുന്‍ അശോകന്‍) മുന്നില്‍ അയാളൊരു രാക്ഷസനാകുന്നുണ്ട്. അധികാരത്തിന്റെ മത്തുപ്പിടിച്ച, കുപ്രസിദ്ധനായ കൊടുമണ്‍ പോറ്റിക്ക് വേണ്ടി തന്റെ താരശരീരത്തിലെ ആടയാഭരണങ്ങള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ മമ്മൂട്ടി അഴിച്ചുവെച്ചു. ചിരിയിലും സംസാരത്തിലും നോട്ടത്തിലും ശരീരഭാഷയിലും മമ്മൂട്ടിയെ കാണാത്ത വിധം കൊടുമണ്‍ പോറ്റിയിലേക്കുള്ള വേരിറക്കം പ്രേക്ഷകര്‍ അത്ഭുതത്തോടെ നോക്കിയിരുന്നു. 
 
മമ്മൂട്ടി ആന്റോഗോണിസ്റ്റ് വേഷത്തിലെത്തുന്നു എന്നു പറയുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് ഓടിയെത്തുന്ന ചില പേരുകള്‍ ഏതൊക്കെയാണ്? ഭാസ്‌കര പട്ടേലര്‍, അഹമ്മദ് ഹാജി, മുന്നറിയിപ്പിലെ രാഘവന്‍, പുഴുവിലെ കുട്ടന്‍...! ആവേശം കൊള്ളിക്കുന്ന, ഭയപ്പെടുത്തുന്ന ഒരു പട്ടിക തന്നെയുണ്ട്. എന്നാല്‍ കൊടുമണ്‍ പോറ്റിയിലേക്ക് എത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ഒരു കഥാപാത്രത്തിന്റെയും ആവര്‍ത്തനം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. നടന്‍ മുരളി പറഞ്ഞതു പോലെ 'അഭിനയത്തില്‍ ആവര്‍ത്തനം ഇല്ലാത്തവന്‍ ആരോ അയാള്‍ നല്ല നടനാണ്'. എങ്കില്‍ മമ്മൂട്ടി അതില്‍ 'രാക്ഷസ നടികര്‍' ആണ്. താന്‍ മുന്‍പ് ചെയ്തുവെച്ച പ്രതിനായക വേഷങ്ങളുടെ ഒരു മാനറിസവും കൊടുമണ്‍ പോറ്റിയില്‍ ഉണ്ടാകരുതെന്ന് അയാള്‍ക്ക് ശാഠ്യമുണ്ടായിരുന്നു. അറിയാലോ, മമ്മൂട്ടിയാണ്...! ശഠിക്കുന്നത് നടക്കണം എന്നത് പുള്ളിയുടെ മറ്റൊരു ശാഠ്യവും ! 

Bramayugam
 
ഭ്രമയുഗത്തിന്റെ പ്രചാരണ പരിപാടികളോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മമ്മൂട്ടിയെ കുറിച്ച് അത്ര പഠനങ്ങളൊന്നും നടത്താത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട് 'ഭീഷ്മ പര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഇരിക്കുന്നതു പോലെയാണല്ലോ ഭ്രമയുഗത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഇരിക്കുന്നത്' എന്ന്. 'രണ്ടും ഒരേ ഇരിപ്പ് തന്നെയാണോ' എന്നായി മമ്മൂട്ടിയുടെ തിരിച്ചുള്ള ചോദ്യം. ഒന്നൂടെ കനത്തില്‍ 'ഉറപ്പാണോ' എന്നു മാധ്യമപ്രവര്‍ത്തകനോട് 'ഇരുത്തി' ചോദിക്കുന്നുമുണ്ട്. അതിനുശേഷം രണ്ട് പോസ്റ്ററുകളിലേയും ഇരിപ്പ്, കൈ വെച്ചിരിക്കുന്നത് അടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മമ്മൂട്ടി കാണിച്ചു കൊടുക്കുന്നു. ഇരിക്കുന്നത് കസേരയില്‍ ആണെന്നത് ഒഴിച്ചാല്‍ ആ ഇരിപ്പില്‍ മറ്റ് സാമ്യതകളൊന്നും ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി കൊടുത്തു. കഴിഞ്ഞില്ല ഒരു കാര്യം കൂടി അതിനൊപ്പം കൂട്ടിച്ചേര്‍ത്തു, 'എന്നെ ചതിക്കരുത്, ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്നതാണ്.' ആ വാക്കുകളില്‍ ഒരു ദൈന്യതയുണ്ട്, അരനൂറ്റാണ്ടോളമായി സിനിമ ചെയ്തിട്ടും കഥാപാത്രങ്ങള്‍ ശരീരഭാഷ കൊണ്ട് പോലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കഷ്ടപ്പെടുന്നവനെ ഇങ്ങനെ ഓരോന്ന് ചോദിച്ച് തളര്‍ത്തരുതെന്ന് അപേക്ഷിക്കുന്ന വിധം..!

സ്വയം പുതുക്കി, ആവര്‍ത്തനങ്ങള്‍ക്ക് സൂചിയിട നല്‍കാതെ 'മമ്മൂട്ടി സിറന്ത നടികര്‍' ആയി വാഴുന്നത് ഇങ്ങനെയൊക്കെയാണ്...! വഴിയില്‍ ഇട്ടേച്ചും പോകില്ലേല്‍ ഞാന്‍ ഇനിയും പരീക്ഷണങ്ങള്‍ ചെയ്യാമെന്ന് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. ആ വാക്ക് പൊന്നാകട്ടെ, മഹാനടന്റെ അഭിനയത്തോടുള്ള 'ഭ്രമം' തുടരട്ടെ..!
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍