അന്ന് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ച് അഭിഷേക് ബച്ചൻ; ഉപദേശിച്ച് അമിതാഭ് ബച്ചൻ

നിഹാരിക കെ.എസ്
വെള്ളി, 14 മാര്‍ച്ച് 2025 (13:24 IST)
മുംബൈ: ഒരുകാലത്ത് ബോളിവുഡ് ഭരിച്ചവരിൽ അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. ഐശ്വര്യ റായുമായുള്ള വിവാഹത്തിന് ശേഷം കരിയറിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയെങ്കിലും ഒരുസമയം എത്തിയപ്പോൾ ചെയ്യുന്ന സിനിമകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയുണ്ടായി. ഇപ്പോൾ കരിയറിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. 
 
നടന്റെ പുതിയ ചിത്രമായ 'ബി ഹാപ്പി' സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. അതേ സമയം തൻറെ കരിയറിൽ അച്ഛനായ അമിതാഭിൻറെ നിഴലിൽ നിന്നും രക്ഷപ്പെടാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നാണ് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. കരിയർ തന്നെ ഉപേക്ഷിക്കാൻ താൻ ഒരു കാലത്ത് തീരുമാനിച്ചിരുന്നുവെന്ന് ജൂനിയർ ബച്ചൻ നയൻദീപ് രക്ഷിത്തിനോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തി.
 
'ഞാൻ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എൻറെ കരിയറിന്റെ തുടക്കത്തിലാണ് അത്. എന്റെ ചിത്രങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് അന്ന് കടന്ന് പോയിരുന്നത്. ഞാൻ എന്ത് ചെയ്താലും, ഞാൻ ലക്ഷ്യമിട്ടത് നേടാനോ അല്ലെങ്കിൽ ഞാൻ ആലോചിക്കുന്ന ഇടത്ത് എത്താനോ സാധിക്കാത്ത അവസ്ഥ. സിനിമ നിർത്താനുള്ള ചിന്ത അവസാനിപ്പിച്ചത് പിതാവ് അമിതാഭ് ബച്ചൻറെ ഉപദേശമാണ്. 
 
ഒരു രാത്രി ഞാൻ എന്റെ അച്ഛന്റെ അടുത്ത് പോയി 'ഞാൻ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്. ഞാൻ ചെയ്യുന്നതൊന്നും ശരിയാകുന്നില്ല. സിനിമ എനിക്കുള്ളതല്ല എന്നതായിരിക്കും ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഞാൻ നിന്റെ അച്ഛനെന്ന നിലയിൽ അല്ല, ഒരു നടനെന്ന നിലയിൽ പറയുകയാണ്, നിനക്ക് ഇനിയും നീണ്ട യാത്രയുണ്ട്, നീ ഇതുവരെ പൂർണ്ണമായ ഒരു നടനായിട്ടില്ല, പക്ഷേ ഓരോ ചിത്രത്തിലൂടെയും നീ മെച്ചപ്പെടുകയാണ്. തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുക, നീ അവിടെ എത്തും'. ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ, അദ്ദേഹം പറഞ്ഞു, 'ഞാൻ നിന്നെ ഒന്നും വിട്ടുകൊടുക്കാനല്ല വളർത്തിയത്, അതിനാൽ പോരാട്ടം തുടരുക' അത് തനിക്ക് വലിയ ധൈര്യമാണ് നടത്തിയത്', അഭിഷേക് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article