ഐക്കോണിക് നായികമാരായി മാറിയ നിരവധി നടിമാർ ബോളിവുഡിലുണ്ട്. മധുബാല, രേഖ, ഹേമ മാലിനി, ശ്രീദേവി, മാധുരി ദീക്ഷിത്, ഐശ്വര്യ റായ്, ദീപിക പദുകോൺ എന്നിങ്ങനെ ബോളിവുഡ് അടക്കി വാഴ്ന്ന നടിമാർ ഏറെയാണ്. ഇവരിൽ ശ്രീദേവി, രേഖ തുടങ്ങിയവരുടെ ഖ്യാതി കാലാതീതമാണ്. ഇവർ തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.
ബോളിവുഡിലെത്തുമ്പോൾ ഗ്ലാമറസ് ലോകത്തെക്കുറിച്ച് ശ്രീദേവിക്ക് അധികമൊന്നും അറിയില്ല. മേക്കപ്പിലും ഡ്രസ്സിംഗിലുമെല്ലാം ശ്രീദേവിക്ക് പാഠങ്ങൾ പറഞ്ഞ് കൊടുത്തത് രേഖയായിരുന്നു. രേഖയ്ക്ക് ശേഷം ശ്രീദേവി ആകും ബോളിവുഡ് അടക്കി വാഴുക എന്ന് രേഖയ്ക്ക് ഉറപ്പുണ്ടായിരുന്നു. പിന്നീട് രേഖയ്ക്കും മുകളിലേക്ക് ശ്രീദേവിയുടെ പേരും പ്രശസ്തിയും ഉയർന്നു. രേഖ-ശ്രീദേവി സൗഹൃദത്തിന് മറ്റ് ചില മാനങ്ങളുമുണ്ട്. ബോളിവുഡിലെ ഒരു സമ്പ്രദായമാണിത്.
വെെജയന്തിമാലയ്ക്ക് പിന്മുറക്കാരിയായാണ് രേഖ ബി ടൗണിലെത്തുന്നത്. വെെജയന്തിമാലയെ അക്ക എന്നാണ് രേഖ വിളിച്ചിരുന്നത്. വൈജയന്തിമാല രേഖയ്ക്ക് നിരവധി സമ്മാനങ്ങൾ നൽകി തന്റെ പിന്മുറക്കാരിയായി പരോക്ഷമായി പ്രഖ്യാപിച്ചു. രേഖയ്ക്ക് ശേഷം വന്ന ശ്രീദേവി രേഖ അക്ക എന്നാണ് വിളിച്ചിരുന്നത്. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും സാരികളും മറ്റ് ഉപഹാരങ്ങളും നൽകിയിരുന്നു. രേഖ സമ്മാനിച്ച ഒരുപാട് സാരികൾ ശ്രീദേവിയുടെ പക്കലുണ്ടായിരുന്നു.
ശ്രീദേവിക്ക് ശേഷം സൗത്തിൽ നിന്നെത്തി വലിയ താരമായത് ഐശ്വര്യ റായാണ്. വലിയൊരു നെക്ക്ലേസ് ആണ് ശ്രീദേവി ഐശ്വര്യക്ക് സമ്മാനമായി നൽകിയത്. ഐശ്വര്യയുടെ പിൻഗാമിയായി തെന്നിന്ത്യയിൽ നിന്നും വന്ന താരം ദീപിക പദുകോണാണ്. സുഹൃത്തുക്കളാണ് ഇരുവരും. എന്നാൽ ഐശ്വര്യ ദീപികയ്ക്ക് രേഖയും ശ്രീദേവിയും ചെയ്തത് പോലെ സമ്മാനങ്ങൾ നൽകിയോ എന്ന് വ്യക്തമല്ല.